ഇന്ത്യയുടെ ജന സംഖ്യ 121 കോടിയിലെത്തി

May 1, 2013 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജന സംഖ്യ 121 കോടിയിലെത്തി. തലേ ദശകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.7 ശതമാനത്തിന്റെ വര്‍ധനയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ഇന്നലെ പരസ്യപ്പെടുത്തിയ സെന്‍സസ് വിവരങ്ങളില്‍ പറയുന്നു.

2011 മാര്‍ച്ച് ഒന്നിന് ഇന്ത്യയിലെ ജനസംഖ്യ 1,21, 0726,932 ആയിരുന്നു. പുരുഷജനസംഖ്യയില്‍ ഒമ്പതുകോടി 97 ലക്ഷംപേരുടെ വര്‍ധനയുണ്ടായി. സ്ത്രീകളുടെ എണ്ണത്തിലാകട്ടെ ഒമ്പതുകോടി 99 ലക്ഷത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. സ്ത്രീകളുടെ എണ്ണത്തില്‍ 18.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ പുരുഷന്മാരുടെ എണ്ണം 17.1 ശതമാനമാണ് വര്‍ധിച്ചത്.

തൊട്ടുമുമ്പുള്ള ദശകത്തില്‍ 21.5 ശതമാനമായിരുന്നു വര്‍ധന. 25.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയ ബിഹാറാണ് ജനസംഖ്യാവളര്‍ച്ചയില്‍ മുന്നിലുള്ള സംസ്ഥാനം. 14 സംസ്ഥാനങ്ങളില്‍ ജനസംഖ്യാവര്‍ധന 20 ശതമാനത്തില്‍ താഴെയാണെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

രാജ്യത്തെ സ്ത്രീപുരുഷ അനുപാതത്തില്‍ കേരളം ഒന്നാംസ്ഥാനത്ത്. ഹരിയാനയാണു സ്ത്രീപുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നിലെന്നും സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 1000 പുരുഷന്മാര്‍ക്ക് 1,084 സ്ത്രീകള്‍ എന്നതാണു കേരളത്തിലെ അനുപാതം. തമിഴ്നാട് (966), ആന്ധ്ര (993), ഛത്തിസ്ഗഡ് (991), ഒഡീഷ (979) എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള സംസ്ഥാനങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം