കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

May 2, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

മുണ്ടക്കയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്‍ജന്‍മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്   ഗുരുതരമായി പരുക്കേറ്റു.   രണ്ടുപേരെയും മെഡിക്കല്‍ കോജേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്തെയും ഇടുക്കിയിലെയും പൊലീസ്-ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും സംയുക്തമായി തിരച്ചിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.   ജോസഫ് ജോര്‍ജ്, അനീഷ് ,ആന്റോ, രതീഷ് എന്നിവരാണ് മരിച്ചതെന്നു പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അല്‍ഫോണ്‍സ്, വിഷ്ണുദയാല്‍, എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അല്‍ഫോണ്‍സ് ഭരണങ്ങാനം സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോട്ടയത്തുനിന്നും   വാഗമണിലേക്ക് യാത്ര പോയതെന്നാണ് മെഡിക്കല്‍കോളേജില്‍ നിന്നു ലഭിച്ച വിവരം.

കോലാഹലമേട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ നിര്‍മാണം നടക്കുന്ന കൂട്ടിക്കല്‍ -ഇളംകാട് റോഡില്‍ നിന്നാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. വാഗമണിലെ ആത്മഹത്യമുനമ്പിന്റെ അത്രയും താഴ്ചയാണ് ഈ ഭാഗത്തെന്നു നാട്ടുകാര്‍ പറയുന്നു.

രാത്രി  പതിനൊന്നോടെ കാര്‍ മറിയുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ദുരം നടന്നാണ് ഇവിടെയെത്തി നാട്ടുകാര്‍ അപകടം സ്ഥിരീകരിച്ചത്. വിജനമായ സ്്ഥലമായതിനാലും റോഡ് സൗകര്യം കുറവായതിനാലും രക്ഷാ പ്രവര്‍ത്തകര്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ റേഞ്ചുമുണ്ടായിരുന്നില്ല.   ശക്തമായ മൂടല്‍മഞ്ഞ് മൂലം രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.

മഞ്ഞ് അവഗണിച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രാത്രി ഒന്നരയോടെ ആദ്യ മൃതദേഹം കണ്ടെടുക്കാനായെന്നതാണ് സൂചന. രണ്ടരയോടെയാണ് പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം