2 ജി സ്‌പെക്‌ട്രം: പ്രധാനമന്ത്രി സത്യവാങ്‌മൂലം സമര്‍പ്പിച്ചു

November 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം വിവാദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. മുന്‍മന്ത്രി എ.രാജയെ പ്രോസിക്യൂട്ടു ചെയ്യണമെന്നാവശ്യപ്പെട്ടു ജനതാ പാര്‍ട്ടി അധ്യക്ഷനും മുന്‍ നിയമമന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ കത്തില്‍മേല്‍ യഥാസമയത്തു തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി സത്യവാങ്‌മൂലത്തില്‍ പറയുന്നു.
സ്വാമിയുടേത്‌ ഉള്‍പ്പെടെ രാജയുടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍ നിയമോപദേശത്തിനായി 2009 മേയില്‍ നിയമവകുപ്പിനു കൈമാറിയിരുന്നു. എന്നാല്‍ നിയമവകുപ്പിന്റെ മറുപടി ലഭിച്ചത്‌ 2010 ഫെബ്രുവരിയാണ്‌. ഈ കാലതാമസമാണു പ്രോസിക്യൂഷന്‍ വൈകിച്ചതെന്നു സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടി. പേഴ്‌സണല്‍ മന്ത്രാലയവും കത്തു സംബന്ധിച്ച മറുപടി നല്‍കിയിരുന്നു. അറ്റോര്‍ണി ജനറല്‍ വഹന്‍വതിയാണ്‌ രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുളള പരാതിയില്‍ പ്രധാനമന്ത്രി മറുപടി നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പത്തു പേജുള്ള സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.
2 ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി സ്വീകരിച്ച നടപടികളില്‍ തൃപ്‌തനാണെന്നു ചൂണ്ടിക്കാട്ടി സുബ്രഹ്‌മണ്യ സ്വാമി ഒരു കത്തു നല്‍കിയിരുന്നെന്നും ഈ സാഹചര്യത്തില്‍ നടപടി വൈകിയെന്നു പറയുന്നതില്‍ കാര്യമില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്‌.അതേസമയം, 2008 നവംബറില്‍ സുബ്രഹ്‌മണ്യ സ്വാമി സമര്‍പ്പിച്ച അപേക്ഷ നിയമവകുപ്പിനു കൈമാറാനുണ്ടായ കാലതാമസം സത്യവാങ്‌മൂലത്തില്‍ വിശദീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം