സരബ്ജിത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പാക്കിസ്ഥാന്‍

May 2, 2013 പ്രധാന വാര്‍ത്തകള്‍

ഇസ്ലാമാബാദ്: ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം. വെബ്സൈറ്റിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സരബ്ജിത്തിന് ലഭ്യമായതില്‍ മികച്ച ചികിത്സയാണ് ജിന്ന ആശുപത്രിയില്‍ നല്‍കിയിരുന്നതെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ 24 മണിക്കൂറും മെഡിക്കല്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സരബ്ജിത്തിന് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേല്‍ക്കുകയായിരുന്നുവെന്നും നിര്‍ഭാഗ്യകരമായ സംഭവത്തിന് ശേഷം സരബ്ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ക്കും എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പാക് വിദേശകാര്യമന്ത്രാലയം പറയുന്നു. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറാനാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍