പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം

May 2, 2013 കേരളം

കൊച്ചി:  കൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ  തീരുമാനം.

പൊതുനിരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍ വ്യാപകമാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി കൊണ്‍സില്‍ യോഗത്തില്‍ പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തത്. മോട്ടര്‍ വാഹനവകുപ്പും പോലീസും നേരത്തെ ഈ തീരുമാനത്തിന് വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു.

ചില പരസ്യചിത്രങ്ങള്‍ക്ക് നേരെ പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ തീരുമാനം. അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ ഉള്ളിടത്ത് അപകടനിരക്ക് കൂടുന്നുവെന്ന് റോഡ് സേഫ്റ്റി കൗണ്‍സില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇനി മുതല്‍ കമ്പനികള്‍ പരസ്യചിത്രങ്ങള്‍ പതിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അനുമതി വാങ്ങണമെന്നും നിഷ്‌കര്‍ഷയുണ്ട്.

പരസ്യങ്ങള്‍  മുന്‍കൂട്ടി ഡ്രാഫ്റ്റ് രൂപത്തില്‍ കാണിച്ച് വേണം അനുമതി വാങ്ങാന്‍.  ദേശീയപാതയുടെ മീഡിയനിലും പാതക്ക് കുറുകെയും സ്ഥാപിച്ച പരസ്യങ്ങള്‍ എടുത്തുമാറ്റാനും ബസ് സ്റ്റോപ്പില്‍ സ്ഥാപിക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ എന്നു മുതലാണ് ഈ തീരുമാനം നിലവില്‍ വരിക എന്നത് അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം