വരുമാന സര്‍ട്ടിഫിക്കറ്റ് : സാധുതാ കാലയളവ് പുനര്‍ നിശ്ചയിച്ചു

May 2, 2013 കേരളം

തിരുവനന്തപുരം: വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കുന്നതിനുമായി വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കി വരുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഇനിപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷമായി നിജപ്പെടുത്തി.

ഈ കാലയളവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വെവ്വേറെ വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ല. വരുമാന സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റാമ്പൊട്ടിച്ച് സമര്‍പ്പിക്കണം. നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ട്ടിഫിക്കറ്റിന് അനുവദിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം സാധുതാ കാലയളവ് ഉണ്ടായിരിക്കും. ഇത് വരുമാന സര്‍ട്ടിഫിക്കറ്റില്‍ തന്നെ വ്യക്തമാക്കണം. ഒരു വര്‍ഷ സാധുതാകാലയളവില്‍ പൊതുവായി എല്ലാ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്നതാകയാല്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇതിന്റെ ഉദ്ദേശ്യം പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ല.

ഏതെങ്കിലും ഒരു പ്രത്യേക കോഴ്സിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ആ കോഴ്സിന്റെ കാലാവധി വരെ പ്രാബല്യമുണ്ടായിരിക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സൂക്ഷിക്കേണ്ടതും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍/സഹകരണ സംഘങ്ങള്‍ തുടങ്ങിയവ തടസമുന്നയിക്കാതെ സ്വീകരിക്കേണ്ടതും ആവശ്യമെങ്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കേണ്ടതുമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ, എന്‍ട്രന്‍സ് മുതലായ പരീക്ഷകള്‍ക്കോ നിര്‍ദ്ദിഷ്ട അപേക്ഷാഫാറത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുമ്പോള്‍ മുമ്പ് നല്‍കിയിട്ടുള്ളതും സാധുതാകാലയളവ് (ഒരു വര്‍ഷം) കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം.

വരുമാന സര്‍ട്ടിഫിക്കറ്റ് മുമ്പ് നല്‍കിയിട്ടില്ലെങ്കിലോ മുമ്പ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് കഴിഞ്ഞിട്ടുണ്ടെങ്കിലോ ഉത്തരവില്‍ പറയുന്ന നിശ്ചിത മാതൃകയില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും അതോടൊപ്പം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലെ വകുപ്പുകളോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളോ. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്വീകാര്യമല്ല എന്ന നിലപാട് സ്വീകരിക്കുന്ന അവസരത്തില്‍ മുമ്പ് നല്‍കിയിട്ടുള്ളതും സാധുതാകാലയളവ് കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ പുതുതായോ അസല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. അപ്രകാരം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉദ്ദേശ്യം (purpose) രേഖപ്പെടുത്തണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആ പ്രത്യേക ആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വരുമാന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ റഫറന്‍സ് നമ്പര്‍ നല്‍കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഓഫീസ് കോപ്പി, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രജിസ്റര്‍ എന്നിവ വില്ലേജ് ഓഫീസില്‍/താലൂക്കാഫീസില്‍ സൂക്ഷിക്കണം. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള വരുമാനം കണക്കാക്കുന്നതിന് ഈ വരുമാന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ പാടില്ല. നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റിന് കണക്കാക്കുന്ന വരുമാനവും കുടുംബ വരുമാനവും തമ്മില്‍ കൂട്ടിക്കലര്‍ത്താന്‍ പാടില്ല. അതിനായി നോണ്‍ക്രീമിലെയര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയടിസ്ഥാനത്തില്‍ വരുമാനം തിട്ടപ്പെടുത്തേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാനമാണ് സര്‍ട്ടിഫിക്കറ്റിനായി കണക്കാക്കുന്നത്. ഇപ്രകാരം വരുമാനം തിട്ടപ്പെടുത്തുന്നതിന് ഒരു ഏകീകൃത മാനദണ്ഡം എന്ന നിലയില്‍ ഉത്തരവിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏഴ് ആദായമാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം എല്ലാ വരുമാന സര്‍ട്ടിഫിക്കറ്റിലും പ്രത്യേകം ഉള്‍പ്പെടുത്തണം. ഇക്കാര്യം സര്‍ട്ടിഫിക്കറ്റിന്റെ ഫോറത്തില്‍ നല്‍കിയിട്ടുള്ള കോളത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തണം. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരം പില്‍ക്കാലത്ത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള അധികാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരിക്ക് ഉണ്ടായിരിക്കണം. കുടുംബം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ മാതാപിതാക്കള്‍/രക്ഷകര്‍ത്താവ് എന്നതിന് ചുവടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താവ് എന്ന നിര്‍വചനത്തില്‍ ഇതേ വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന രണ്ടാനമ്മ/രണ്ടാനച്ഛന്‍ ഉള്‍പ്പെടുന്നതാണ് എന്ന് കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി. അപേക്ഷകന്‍/ക വിവാഹം കഴിഞ്ഞ വ്യക്തിയാണെങ്കില്‍ വരുമാനം കണക്കാക്കുമ്പോള്‍ ഭാര്യയുടെ/ഭര്‍ത്താവിന്റെ വരുമാനം കൂടി കണക്കിലെടുക്കണം. നിലവില്‍ റവന്യൂ വകുപ്പില്‍ നിന്ന് നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാതൃകാ അപേക്ഷാ ഫോറവും മാതൃകാ സാക്ഷ്യപത്രവും നിശ്ചയിച്ച് ഉത്തരവായിരുന്നു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള മാതൃകാ അപേക്ഷാഫോറവും മാതൃകാ സാക്ഷ്യപത്രവും ഒഴിവാക്കി.

പുതിയ മാതൃകാ അപേക്ഷാഫോറവും സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റിനായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. യൂണിഫൈഡ് വില്ലേജ് മാനുവലില്‍ മേല്‍പ്പറഞ്ഞ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയും ഉത്തരവായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം