സാമ്പത്തിക/പ്രവാസി സര്‍വെകള്‍ക്ക് തുടക്കമായി

May 2, 2013 കേരളം

തിരുവനന്തപുരം: ആറാമത് സാമ്പത്തിക സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം  ആസൂത്രണ-സാമ്പത്തികകാര്യ-ഗ്രാമവികസന-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.

ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമ്പത്തിക സംരംഭങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെയും വിവരശേഖരണമാണ് സെന്‍സസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ മലയാളികളുടെ സ്ഥിതിവിവര കണക്കുകള്‍ കണ്ടെത്തുന്നതിനുളള സര്‍വെയും മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണിയാപുരം ഷഹീനാലയത്തില്‍ സൈനുദ്ദീന്റെ ഭവനത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് മന്ത്രി പ്രവാസി സര്‍വെ ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക സര്‍വെയുടെ എന്യൂമറേറ്റേഴ്സ് തന്നെയാണ് പ്രവാസി സര്‍വെയുടെയും ചോദ്യാവലി പൂരിപ്പിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവരെ തൊഴിലനുസരിച്ച് പന്ത്രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് സര്‍വെ നടത്തുന്നത്. നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തിലുളള ഈ സര്‍വെ കേരളത്തില്‍ ഇത്തരത്തിലുളള ആദ്യത്തേതാണ്.

വിദേശമലായാളികളുടെ പ്രശ്നപരിഹാരത്തിനായുളള സമഗ്രവിവരശേഖരണമാണ് പ്രവാസിസര്‍വെകൊണ്ടുദ്ദേശിക്കുന്നത്. വിവിധക്ഷേമപുനരധിവാസ പദ്ധതികളുടെ നയരൂപീകരണത്തിനും വിദേശമലയാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കാനും ഈ സര്‍വെ സഹായിക്കും. അമേരിക്ക, ജര്‍മനി, ക്യാനഡ, യു.എ.ഇ., യു.കെ., സൌദിഅറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, നൈജീരിയ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ 18 രാജ്യങ്ങളെ പ്രത്യേകം ലിസ്റ് ചെയ്തിട്ടുണ്ട്. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ പുറമേയുണ്ട്. ജൂണ്‍ 12 വരെ സര്‍വെ തുടരും.

സെന്‍സസുകളുടെ ഉദ്ഘാടനവേളയില്‍ പാലോട് രവി ഐം.എല്‍.എ. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍, പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍, സ്റാറ്റിസ്റിക്സ് ആന്റ് സര്‍വെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഐ.&പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസ്, എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം