സരബ്ജിത്തിന്റെ മൃതദേഹം സംസ്കരിച്ചു

May 3, 2013 ദേശീയം

അമൃത്സര്‍: പാക്കിസ്ഥാനിലെ കോട് ലാഖ്പത് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ മരിച്ച സരബ്ജിത് സിംഗിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സരബ്ജിതിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് സ്വദേശമായ ബിഖിവിന്ദില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പ്രിനീത് കൌര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍, പട്യാല എംപി തുടങ്ങി നിരവധി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സംസ്കാരത്തില്‍ പങ്കെടുത്തു. സരബ്ജിത്തിന്റെ മരണത്തില്‍ അനുശോചിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

സരബ്ജിത്തിന്റെ കുടുംബത്തിന് എല്ലാ സാമ്പത്തിക സഹായം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സരബ്ജിത്തിനോടുള്ള ആദര സൂചകമായി സ്ഥലത്തെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. സംസ്കാര സമയത്ത് ആളുകള്‍ പാക്കിസ്ഥാനെതിരേ മുദ്രാവാക്യം മുഴക്കി. വലിയ പോലീസ് സംഘവും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ 26-നാണ് കോട് ലാഖ്പത് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ സരബ്ജിത്തിന് പരിക്കേറ്റത്. അതീവ സുരക്ഷാ സെല്ലില്‍ നിന്നു സഹതടവുകാര്‍ക്കൊപ്പം വെളിയില്‍ കൊണ്ടുവന്നപ്പോള്‍ ആറുപേര്‍ ചേര്‍ന്ന് ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. മേയ് ഒന്നിന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു അന്ത്യം.

1990-ല്‍ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം ഉണ്ടായതില്‍ സരബ്ജിത്തിനു പങ്കുണ്െടന്നു കണ്െടത്തിയാണു പാക് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. സരബ്ജിതിന്റെ ദയാഹര്‍ജി പാക് കോടതികളും മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫും തള്ളിക്കളഞ്ഞിരുന്നു. 2008ല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാര്‍ സരബ്ജിതിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം