കുണ്‌ഡലിനീ ശക്തി

November 20, 2010 സനാതനം

കെ.ജി.മുരളീധരന്‍ നായര്‍
“മൂലാധാരേ സ്ഥിതം സര്‍വ്വ പ്രാണിനാം പ്രാണധാരകം
മൂലാദി ബ്രഹ്മപര്യന്തം ഭജേ ചൈതന്യ കാരകം”

ഇത്തരമൊരു
ധ്യാനശ്ലോകം കുട്ടിക്കാലത്ത്‌ മന:പാഠമാക്കിയിരുന്നു. ഈശ്വര കൃപ കൊണ്ട്‌ ഈ ശ്ലോകത്തിന്റെ അമൃതമായ സ്വരൂപം മനനം ചെയ്യുന്നതിന്‌ കഴിഞ്ഞ ഒരു ദിവസം ഇടവന്നു. കനിവ്‌,അലിവ്‌,നിനവ്‌,വെളിവ്‌,തെളിവ്‌,നിറവ്‌ ഉണര്‍വ്വ്‌ എന്നിങ്ങനെ വിദ്യാധിരാജ ചട്ടമ്പി സ്വാമികളെപ്പോലെയുള്ള മഹാത്മാക്കള്‍ ഈ സ്വരൂപത്തെ വികസിപ്പിച്ച്‌ മഹാജാഗ്രത്തിലെത്തി ജീവരാശികളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. മഹാ ജാഗ്രത്ത്‌ ഉണര്‍വ്വുണര്‍വ്വാണ്‌. ഇതുണ്ടാകുന്നതിനുള്ള ആദ്യ പടിയാണ്‌ കനിവ്‌. പഞ്ചയജ്ഞങ്ങള്‍ നിരന്തരം അനുഷ്‌ഠിക്കുന്നതുകൊണ്ട്‌ (ഭക്തി) കൊണ്ടും,ഭൂതദയകൊണ്ടും മനസ്സലിഞ്ഞ്‌ രണ്ടുകണ്ണുകളുടെയും ചെവിയുടെ അടുത്തുള്ള ഭാഗത്തുകൂടി ആനന്ദക്കണ്ണീര്‍ ധാരധാരയായി ഒഴുകുന്നത്‌ കനിവിന്റെയും അലിവിന്റെയും തികവു കൊണ്ടാണ്‌. പരാശക്തിയുടെ കനിവുകൊണ്ടും അലിവുകൊണ്ടും സാധകനിലെ കഴിവും തൃപ്‌തിയും വികസിച്ച്‌ പൂര്‍ണ്ണത പ്രാപിക്കുന്നതിന്റെ തുടക്കവും ലക്ഷണവുമാണ്‌ ആനന്ദക്കണ്ണീര്‍.
“മന്നാഥ ശ്രീ ജഗന്നാഥ
മത്‌ ഗുരു ശ്രീ ജഗത്‌ഗുരു
മദാത്മാ സര്‍വ്വഭൂതാത്മാ
തസ്‌മൈ ശ്രീ ഗുരുവേ നമ:”

എന്റെ മാതാവ്‌ ജഗദീശ്വരിയാണ്‌. എന്റെ ഗുരു അഖിലലോകഗുരുവാണ്‌. എന്റെ ബലവും,ചലനവും പ്രാണനും,ശക്തിയുമാണ്‌ മറ്റുള്ളവയിലുമുള്ളത്‌. അതിനാല്‍ ജഗത്തിനു മുഴുവന്‍ ചൈതന്യ കാരണമായ,സകല ഗുരുത്വത്തിനും കാരണം ഭൂതമായ പരമാത്മാവിനെ ഞാന്‍ നമിക്കുന്നു. ഇങ്ങനെ )നിനവ്‌=ഓര്‍മ്മ=വിചാരം) ഉള്ളവന്‌ അന്യരുടെ രോഗവും ദുരിതവും,വിശപ്പും ദാഹവും സഹിക്കാനാവില്ല. അതുകൊണ്ടാണ്‌ ദാനശീലം വേണമെന്നു പറയുന്നത്‌.
“പരോപകാരമേ പുണ്യം
പാപമേ പരപീഡനം”

എന്ന്‌ വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞതും ജീവകാരുണ്യം കൊണ്ടാണ്‌. കനിവും,അലിവും,നിനവുമുള്ള സജ്ജനങ്ങളുടെ മൂക്കിനും,മുടിക്കു,കണ്ണിനും,കരചരണങ്ങള്‍ക്കും പലേ വിശേഷ ലക്ഷണങ്ങളുമുണ്ടായിരിക്കും. ഓജസ്സ്‌,തേജസ്സ്‌,പെട്ടെന്നുള്ള കാര്യനിര്‍വ്വഹണ സാമര്‍ത്ഥ്യം,ഭൂതദയ,ബ്രഹ്മചര്യം,സത്യം,ധര്‍മ്മം ഇവയൊക്കെ ഇവരുടെ മാതാപിതാക്കന്മാരും,ഭാര്യയും സഹോദരീ സഹോദരന്മാരുമാണ്‌. മദ്യപാനം,സ്‌ത്രീസേവ,മത്സ്യമാംസ ഭക്ഷണം,ഗഞ്ചാവ്‌ സേവ,ഇവ ഇവര്‍ ത്യജിച്ചവരാണ്‌. ഇതു കൊണ്ടുണ്ടാകുന്ന വെളിവും തെളിവും ഇവര്‍ക്കു കൂടുതലാണ്‌. ഇത്‌ ഉത്സാഹം,അറിവ്‌,പ്രസാദം എന്നീ രൂപത്തില്‍ മറ്റുള്ളവര്‍ക്ക്‌ അറിഞ്ഞനുഭവിക്കാം. ഇത്തരം ബ്രഹ്മനിഷ്‌ഠന്മാരില്‍ നിന്ന്‌ അറിവാര്‍ജ്ജിച്ച്‌ പൂര്‍ണ്ണതയിലെത്തുന്നവരാണ്‌ സാധകന്മാരും,ജിജ്ഞാസുക്കളും. ഇവരൊക്കെ വേദ വേദാംഗ വേദാന്താദികളില്‍ മറ്റുള്ളവരെ വസിപ്പിച്ച്‌ ഉണര്‍ന്നിരിക്കുന്നവരാണ്‌. മറ്റുള്ളവര്‍ക്ക്‌ അറിവ്‌ ദാനം ചെയ്യുന്നതുകൊണ്ടുള്ള നിറവാണ്‌ ഇവരിലെ ശാന്തത. ശാന്തിയനുഭവിക്കുന്‌ മഹാത്മാവ്‌ താപത്രയങ്ങളില്‍ നിന്ന്‌ വിമുക്തനാണ്‌.
ജഗത്തിനുചൈതന്യകാരണമായ പരാശക്തി കുണ്‌ഡലിനിയായി പ്രാണികളുടെ ദേഹത്തിലെ ആദ്യപടിയായ മൂലധാര ക്ഷേത്രത്തില്‍ വസിക്കുന്നു. ഈ ബോധശക്തിയെ ധ്യാനിക്കുന്നവന്‌ പരാനുഭൂതി പ്രത്യക്ഷമായി അനുഭവിക്കാം.
“പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെക്കാണാമേ ശിവശംഭോ!”

പടികള്‍ ആധാരപത്മങ്ങളാണ്‌. സന്ധ്യാനാമം പഠിച്ചിട്ടുള്ള ഓരോ സനാതന ധര്‍മ്മ വിശ്വാസിക്കും മൂലാധാരം തുടങ്ങിയ ആറു പടികളും മന:പാഠമായിരിക്കും.
അമ്പത്തൊന്നും നീയേ ദേവീ
ആറാധാരപ്പൊരുളും നീയേ
ഇരുമുന്നക്ഷരമായതു നീയേ
തിരുവെട്ടക്ഷരവും നീയേതായേ!

(പടയണിപ്പാട്ടുകള്‍)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം