എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി മുതല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍

May 5, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ എംപ്ലോയബി ലിറ്റി സെന്ററുകളാക്കി മാറ്റിയതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകള്‍ തൊഴില്‍ രഹിതരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സ്ഥാപനം എന്ന നിലയില്‍ നിന്നും അവരെ തൊഴിലിന് പ്രാപ്തരാക്കുന്ന തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ എന്ന നിലയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (എ.എസ്.ഇ.പി.) വഴിയാണ് ഈ നൂതന പദ്ധതി നടപ്പില്‍വരുത്തുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവജനങ്ങളെ വിവിധ അഭിരുചി പരീക്ഷകള്‍ക്കും സൈക്കോമെട്രിക് ടെസ്റ്റുകള്‍ക്കും വിധേയമാക്കി അവരുടെ കഴിവുകളും പരിമിതികളും കണ്ടെത്തി ഏത് മേഖലയിലാണ് അഭിരുചി എന്നതനുസ രിച്ച് ആ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം നല്‍കി തൊഴിലിന് പ്രാപ്തമമാ ക്കുന്നതാണ് പദ്ധതി.

ആശയ വിനിമയ പാടവം, ഭാഷാനൈപുണ്യം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം നല്‍കും. തൊഴില്‍വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഫെയറുകള്‍ സംഘടിപ്പിച്ച് സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഘട്ടംഘട്ടമായി എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം,കൊല്ലം, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു. തൊഴില്‍വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് മുഖേനയാണ് ഈ സ്വപ്നപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്വകാര്യമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും അതിനനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാനും എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സാധിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാലഹരണപ്പെട്ട സമീപനങ്ങള്‍ മാറ്റിക്കൊണ്ട് സാമൂഹ്യമാറ്റങ്ങള്‍ക്കനുസൃതമായി ആധുനികവല്‍ക്കരണത്തിന്റെ സഹായത്തോടെ നടത്തുന്ന പുത്തന്‍ കാല്‍വയ്പാണ് സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട എംപ്ലോയബിലിറ്റി സെന്ററുകളെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയ്‌മെന്റ് വകുപ്പിലെ നിലവിലുള്ള പരമ്പരാഗത പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തുകൊണ്ട് മെച്ചപ്പെട്ട രീതിയില്‍ തൊഴില്‍മാര്‍ഗ്ഗ നിര്‍ദ്ദേശവും കരിയര്‍ കൗണ്‍സിലിംഗും നല്‍കിക്കൊണ്ട് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കാനാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍