ഗുരുസങ്കല്‌പവും കര്‍മവും ഗുരുശരീരവ്യാപ്‌തി

November 20, 2010 സനാതനം

സാമാന്യചിന്തയില്‍ സര്‍വശരീരങ്ങളും പഞ്ചഭൂതാത്മകങ്ങളാണ്‌. അവയ്‌ക്ക്‌ സത്വം-രജസ്സ്‌-തമസ്സ്‌ എന്നീ ഗുണങ്ങളുടെ (ത്രിഗുണങ്ങളുടെ) സ്വഭാവമുണ്ടായിരിക്കും. ഇവയ്‌ക്ക്‌ ആനുപാതിക ക്രമമനുസരിച്ചുള്ള വ്യത്യാസവും അനുഭവപ്പെടും. ഇങ്ങനെയുള്ള ശരീരങ്ങള്‍ക്കെല്ലാം രൂപം,ഗുണം,സ്വഭാവം എന്നീ പരിമിതികളുണ്ട്‌. എന്നാല്‍ മഹാമനീക്ഷികളുടെ സ്വരൂപത്തിനും സ്വഭാവത്തിനും പരിമിതികള്‍ ലംഘിച്ചുകൊണ്ടുള്ള വ്യാപ്‌തിയുണ്ട്‌. ഗുരുശരീരം സങ്കല്‌പമാത്രേണ സൂക്ഷ്‌മതലങ്ങളിലേക്ക്‌ വ്യാപരിക്കുന്നതാണ്‌. അവരുടെ സ്ഥൂലശരീരത്തിനുപോലും സാധാരണകാണാറുള്ള ഭൂതാംശപരിമിതികളെ അതിലംഘിക്കുവാന്‍ കഴിയും. സിദ്ധിവൈഭവങ്ങളെ വിശദീകരിച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിസ്‌തരിച്ച്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.
സ്ഥൂലസൂക്ഷ്‌മകാരണശരീരങ്ങളെ അതിജീവിച്ച്‌ നില്‌ക്കുന്ന ചൈതന്യസ്വഭാവമാണ്‌ ഗുരുക്കന്മാരുടെ ചൈതന്യത്തെ സംബന്ധിച്ച്‌ സ്വഭാവമായിട്ടുള്ളത്‌. സ്വതന്ത്രമായി ബ്രഹ്മാണ്‌ഡങ്ങളെസൃഷ്‌ടിച്ചും ലയിപ്പിച്ചും അതിനുള്ളില്‍സ്ഥിതിചെയ്യുന്ന ചൈതന്യസ്വരൂപമായി നിലനില്‍ക്കുന്ന ഗുരുശരീരത്തിന്റെ വ്യാപ്‌തി ഭൗതികസൃഷ്‌ടിയിലൂടെ ദൃശ്യമാകുന്നതല്ല. ബുദ്ധിക്കും മനസ്സിനും കണ്ടറിയുവാനുള്ള സ്ഥൂലസ്വഭാവും അതിനില്ല. പ്രപഞ്ചത്തിന്റെ സൃഷ്‌ടിക്രമരഹസ്യവും വിവിധതരം ശരീരക്രമങ്ങളും മനസ്സിലാക്കുന്നത്‌ ഗുരുശരീരത്തെപ്പറ്റി അറിയുന്നതിനും അതിന്റെ വ്യാപനസ്വഭാവത്തെ ഗ്രഹിക്കുന്നതിനും പ്രയോജനപ്പെടുന്നതാണ്‌.
പ്രജ്ഞാഭൂമികളെ അറിയുവാനുള്ള തത്ത്വബോധത്തിലൂടെ മാത്രമേ ഗുരുശരീരവ്യാപ്‌തിയും സ്വഭാവവും മനസ്സിലാക്കുവാന കഴിയുകയുള്ളു. നിര്‍ഗുണത്വം കൊണ്ട്‌ അവ്യക്തമെന്നുതോന്നുന്ന ബ്രഹ്മവിദ്യ,ഗുരുസങ്കല്‌പത്തിലൂടെ ഗ്രഹിക്കുന്നതിന്‌ പ്രാപ്‌തമായ രീതിയിലുള്ള വാക്യങ്ങളാണ്‌ പരിശീലനഘട്ടത്തില്‍ തത്ത്വദര്‍ശനത്തിനുള്ള മാര്‍ഗം വ്യക്തമാക്കുന്നത്‌. വളരെയേറെ സംക്ഷിപ്‌തങ്ങളാണവ. എന്നാല്‍ അര്‍ത്ഥ ബാഹുല്യം ശക്തമാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം