ജനാരോഗ്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മന്ത്രി വി.എസ്.ശിവകുമാര്‍

May 5, 2013 കേരളം

തിരുവനന്തപുരം: ജനാരോഗ്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. സമഗ്ര ആരോഗ്യനയത്തിന്റെ കരട് രൂപം സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെമിനാറില്‍ ആദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആരോഗ്യരംഗത്ത് പല വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ് എന്നാല്‍ ഈ നേട്ടങ്ങളെ വെല്ലുവിളിക്കുന്നതരത്തില്‍ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് ഒരു ആരോഗ്യനയം ആവശ്യമാണ്. സംസ്ഥാനത്ത് 42 ശതമാനം ആളുകള്‍ പ്രമേഹബാധിതരാണ് 48 ശതമാനംപേര്‍ ബ്ലഡ് പ്രഷറിന് അടിമകളാണ്. ഇത്തരത്തില്‍ ജീവിതശൈലീരോഗങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോള്‍ അന്യ സംസ്ഥാനത്തൊഴിലാളികള്‍ വഴിയുള്ള പകര്‍ച്ചവ്യാധികളും കേരളത്തിന് ഭീഷണിയാവുകയാണ്. രോഗങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും അവയവദാനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇതുവഴി അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ട്രോമാ കെയര്‍ യൂണിറ്റുകളും വിപുലപ്പെടുത്തും.

പോഷകാഹാരക്കുറവ് പരിഹരിക്കുക, ജലജന്യരോഗങ്ങള്‍ തടയുക, രോഗപ്രതിരോധ പ്രവര്‍ത്തനസംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നതാണ് പുതിയ നയം വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് എല്ലാ വകുപ്പുകളുടെയും സഹകരണം തേടും. ആയൂര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യമേഖലകളുടെയും സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കായി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരട് നയരേഖ പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും ഈ മാസം പത്തിന് മുമ്പായി ഡി.എം.ഒ.മാരുടെ നേതൃത്വത്തില്‍ കരട് നയരേഖ ചര്‍ച്ചചെയ്ത് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശിതരൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൈമറി/കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരട് നയരേഖ സംബന്ധിച്ച് ഇത്തരം കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക് എം.എല്‍.എ., ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ പി.കെ.ജമീല, എന്‍.ആര്‍.എച്ച്.എം.ഡയറക്ടര്‍ ഡോ.ബീന തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം