മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ മരുന്നുകളെ ബാധിക്കുന്നതായി പഠനം; മലയാളിക്ക് അംഗീകാരം

May 7, 2013 കേരളം,രാഷ്ട്രാന്തരീയം

അരുണ്‍കുമാര്‍.ജി

അരുണ്‍കുമാര്‍ .ജി

ലാല്‍ജിത് വെങ്ങാനൂര്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ആന്റിബയോട്ടിക്കുകളെ ബാധിക്കുന്നതായുള്ള മലയാളി വിദ്യാര്‍ത്ഥിയുടെ പഠനം ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ചു. “എഫക്ട് ഓഫ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഓണ്‍ ദി ആന്റിബയോട്ടിക് സെന്‍സിറ്റിവിറ്റി” എന്ന മോണോഗ്രാഫാണ് ജര്‍മനിയിലെ ലാംബോര്‍ട്ട് അക്കാഡമിക് പബ്ലിഷിംഗ് ഹൗസ് മാര്‍ച്ചില്‍ പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ബി.ഫാം വിദ്യാര്‍ത്ഥിയായിരുന്ന വിഴിഞ്ഞം സ്വദേശിയായ അരുണ്‍കുമാര്‍ .ജി തന്റെ അവസാനവര്‍ഷ പഠനകാലയളവിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. നേരത്തെ ഈ പഠനം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കൂടുതല്‍ ബാധിക്കുന്ന ബാക്ടീരിയ, റേഡിയേഷന്‍ ബാധിക്കാത്ത ബാക്ടീരിയകളെക്കാള്‍ കൂടുതല്‍ പ്രതിരോധിക്കുന്നതായാണ് കണ്ടുപിടിത്തം. ബാക്ടീരിയയായി ഇ.കോളൈയും ആന്റിബയോട്ടിക്കായി ജെന്റാമൈസിനുമാണ് പഠനവിധേയമാക്കിയത്. എല്ലാതരം ബാക്ടീരിയകളും അതിനെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും പഠനവിധേയമാക്കിയുള്ള അനന്തസാധ്യതകള്‍ക്കാണ് ഈ പഠനത്തിലൂടെ വഴിതുറക്കുന്നത്. മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ബാക്ടീരിയകളെ ബാധിക്കുകയും ആ ബാക്ടീരിയയോ അതിന്റെ തലമുറയോ ജീവജാലങ്ങള്‍ക്ക് രോഗകാരണമാകുമ്പോള്‍ ആന്റിബയോട്ടിക്കുകളുടെ പ്രതിരോധത്തെ ബാധിക്കുന്നു. ക്ഷയരോഗം പോലുള്ള മരണകാരണമായേക്കാവുന്ന രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് ചികിത്സാരംഗത്തും മരുന്നുഗവേഷണരംഗത്തും കനത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.

മൊബൈല്‍ ഫോണില്‍ നിന്നും അതിന്റെ ടവറില്‍ നിന്നുമുണ്ടാകുന്ന റേഡിയേഷന്‍ ചുറ്റുപാടുമുള്ള ബാക്ടീരിയകളെ നേരിട്ടുബാധിക്കുകയും അത് ആന്റിബയോട്ടിക് സെന്‍സിറ്റിവിറ്റിക്ക് വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അബ്‌സോര്‍ബ് ചെയ്യുന്നതിന്റെ ലിമിറ്റ് (Specific Absorbance Rate) ഇപ്പോള്‍ ഏതാണ്ട് എല്ലാകമ്പനികളും പാലിക്കുന്നു. ബാക്ടീരിയകളെയും മറ്റ് മൈക്രോഓര്‍ഗാനിസത്തെയും റേഡിയേഷന്‍ അബ്‌സോര്‍ബന്‍സ് കൂടി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെ ഈ ഗവേഷണം വിശദീകരിക്കുന്നു.  എല്ലാത്തരം ബാക്ടീരിയകളെയും അതിനുപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെയും പഠനവിധേയമാക്കിക്കൊണ്ടുള്ള ആധികാരിക ഗവേഷണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും അരുണ്‍കുമാര്‍ തന്റെ മോണോഗ്രാഫില്‍ വിശദീകരിക്കുന്നു. കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലെ പ്രൊഫ.ജെ.വത്സലകുമാരിയാണ് ഈ ഗവേഷണത്തില്‍ അരുണ്‍കുമാറിന്റെ ഗൈഡ്.

http://www.amazon.com/Effect-Mobile-Radiation-Antibiotic-Sensitivity/dp/3659348996

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം