പിന്നാക്ക വിഭാഗവികസന കോര്‍പ്പറേഷന്‍ വഴിയുള്ള ലോണുകള്‍ കുടുംബശ്രീ-സി.ഡി.എസ്. യൂണിറ്റുകള്‍ വഴി – മന്ത്രി എ.പി.അനില്‍ കുമാര്‍

May 7, 2013 കേരളം

തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയുള്ള ലോണുകള്‍ കുടുംബശ്രീ-സി.ഡി.എസ്. യൂണിറ്റുകള്‍ വഴിതന്നെയാണ് വിതരണം ചെയ്യുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും പട്ടികജാതി – പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫൈനാന്‍സ് കാര്യത്തില്‍ പോലും കോര്‍പ്പറേഷന്‍ കുടുംബശ്രീ – സി.ഡി.എസ്. യൂണിറ്റുകള്‍ വഴി സുതാര്യമായാണ് വിതരണം നിര്‍വഹിക്കുന്നത്. ലോണുകള്‍ സംബന്ധിച്ച് ചിലയിടങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റിദ്ധാരണ മൂലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 30 കോടി രൂപയാണ് ഇക്കുറി ലോണ്‍ നല്‍കുന്നതിനായി നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ ഇതര കോര്‍പ്പറേഷനുകള്‍ക്ക് മാതൃകയാണ്. കോര്‍പ്പറേഷനുകള്‍ക്ക് തിരിച്ചടവാണ് ഏറെ പ്രയാസകരമായിട്ടുള്ളത്. എന്നാല്‍ ഗുണഭോക്താക്കളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് 95 ശതമാനം തിരിച്ചടവ് കോര്‍പ്പറേഷന്‍ നേടിക്കഴിഞ്ഞു.

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായുള്ള കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. ഇത്തരത്തില്‍ തൊഴിലാളി ക്ഷേമകരമായ നിലപാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. സ്വയം തൊഴില്‍, വിദ്യാഭ്യാസം മുതലായ ക്രിയാത്മകമായ രംഗങ്ങളിലാണ് പണം കടം കൊടുക്കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍, മാനേജിങ് ഡയറക്ടര്‍ ബി.ദിലീപ് കുമാര്‍ മുതലായവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം