ഗര്‍ഗ്ഗഭാഗവതസുധ – ഗോപസന്ദേഹനിവാരണം

May 8, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

26.  ഗോപസന്ദേഹനിവാരണം
ഗോവര്‍ദ്ധനോദ്ധാരണത്തോടെ ശ്രീകൃഷ്ണന്‍ ഒരദ്ഭുതം തന്നെയായി. ഗോപന്മാരും ഗോപികമാരും ആ അദ്ഭുതലീലയെത്തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. ആരാണീ ബാലന്‍, അവര്‍ക്കു സംശയമായി. സന്ദസൂനുവാണോ അതോ മറ്റേതെങ്കിലും മായാവിയോ? ഈ സന്ദേഹം അവരെ വല്ലാതെ മഥിച്ചു. ഗര്‍ഗ്ഗാചാര്യര്‍ വളരെ നാടകീയമായാണ് ഈ വിവാദം അവതരിപ്പിച്ചിരിക്കുന്നത്. വ്യാസര്‍ഷിയാകട്ടെ, നാതി ദീര്‍ഘമായി കഥ പറഞ്ഞിട്ടേ ഉള്ളൂ. ദശമസ്‌കന്ധം പൂര്‍വ്വാര്‍ദ്ധത്തിലെ ഇരുപത്താറാമധ്യായത്തില്‍.

‘യഃ സപ്തഹായനോ ബാലഃ
കരേണൈകേന ലീലയാ
കഥം ബിഭ്രദ്ഗിരിവരം
പുഷ്‌കരം ഗജരാഡിവ.’

kri-slider(ഏഴുവര്‍ഷംമാത്രം പ്രായമുള്ള ഈ ബാലന്‍ ഒറ്റക്കൈകൊണ്ട്, ആന താമരപ്പൂവിനെയെന്നപോലെ, എങ്ങനെയാണ് ഈ ഗിരീന്ദ്രനെ ഇളക്കി ഉയര്‍ത്തിയത്?) ആമ്പാടിയിലുണ്ടായ  ഓരോ സംഭവവും – കൃഷ്ണ ജനനത്തിനുശേഷം – അദ്ഭുതശിശുവായ കൃഷ്ണന്‍ അവയെ തരണം ചെയ്തതുമെല്ലാം ഗോപീ – ഗോപന്മാര്‍ സ്മരിച്ച് കൂടുതല്‍ സന്ദിഗ്ധ മാനസരായി. എന്നിട്ട് അവര്‍, കൃഷ്ണന്‍ ആരാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുള്ളതായി നന്ദനെയും യശോദയെയും അറിയിച്ചു. ശ്രീനന്ദന്‍, ശ്രീകൃഷ്ണനെപ്പറ്റി ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞ അവതാര മാഹാത്മ്യമറിയിച്ച് അവരുടെ സംശയം തീര്‍ത്തു. വ്യാസഭാഗവതത്തില്‍ ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ.

ഗര്‍ഗ്ഗാചാര്യരാകട്ടെ, ഈ കഥ കൂടുതല്‍ വിശദമായും രസപ്രദമായും അവതരിപ്പിച്ചിരിക്കുന്നു. പ്രാരംഭം രണ്ടിലും ഒരേമട്ടില്‍തന്നെ, അദ്ഭുതകര്‍മ്മാവായ ശ്രീകൃഷ്ണനില്‍ സംശയം തോന്നിയ ഗോപാല-ഗോപികമാര്‍ നന്ദരാജനോട്:

‘ക്വഃ സപ്തഹായനോ ബാലഃ
ക്വാദ്രിരാജസ്യ ധാരണം
തേന നോ ജായതേ ശങ്കാ
തവപുത്രേ മഹാബലേ’

(ഏഴു വയസ്സുമാത്രം പ്രായമായ ഈ ബാലനെവിടെ? ആ വലിയ പര്‍വ്വതത്തെ കൈയിലെടുത്ത കൃത്യമെവിടെ? അങ്ങയുടെ ബലവാനായ പുത്രനില്‍ ഞങ്ങള്‍ക്ക് വലിയ സംശയമുണ്ടായിരിക്കുന്നു.) ‘കാരണം, നന്ദവംശത്തിലെ ഇത്ര ശക്തരായ ആരെപ്പറ്റിയും ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. മാത്രമല്ല, അങ്ങയും യശോദയും വെളുത്തവര്‍, ഇവനാകട്ടെ, കുറുപ്പുനിറമുള്ളവന്‍! ബലരാമനെ നോക്കൂ! അവനില്‍ ഒരു ദോഷവുമില്ല. കൃഷ്ണജന്മരഹസ്യമെന്താണെന്നു പറയുക. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ബഹിഷ്‌കരിക്കും.’

ഗോപന്മാര്‍ കോപകലുഷിതരായി. ബഹിഷ്‌കരിക്കുമെന്ന ഭീഷണി യശോദയോ ഭയചകിതയാക്കി. അവരെ സാന്ത്വനിപ്പിക്കാനായി ശ്രീനന്ദന്‍ പറഞ്ഞു: ‘ഹേ, ഗോപന്മാരെ, നിങ്ങള്‍ സമാധാനിക്കിന്‍! നിങ്ങള്‍ ആവശ്യപ്പെട്ടപോലെ കൃഷ്ണകഥ ഞാന്‍ പറഞ്ഞുതരാം. ശ്രീഗര്‍ഗ്ഗന്‍ എന്നോടു പറഞ്ഞ കഥ കേട്ടാലും. കൃഷ്ണനാമത്തിലെ ‘ക’ കാരം കമലാപതിയെയും ‘ഋ’ കരം രാമനെയും ‘ഷ’ കാരം ഷഡ്ഗുണപതിയെയും ‘ണ’ കാരം നരസിംഹമൂര്‍ത്തിയെയും ‘അ’ കാരം അക്ഷരബ്രഹ്മത്തെയും വിസര്‍ഗ്ഗം പൂര്‍ണ്ണതമനായ കൃഷ്ണനേയും കാട്ടുന്നു. ശ്രീകൃഷ്ണാവതാരമാണ് നന്ദസൂനു എന്ന് ഗര്‍ഗ്ഗാചാര്യര്‍ എന്നെ അറിയിച്ചു. ഇന്ദ്രിയാധിപനാകയാല്‍ വാസുദേവനെന്നും രാധയുടെ പതിയാകയാല്‍ രാധാപതിയെന്നും കൃഷ്ണന്‍, അറിയപ്പെടും. മഹര്‍ഷീശ്വരനറിയിച്ച മറ്റൊരു കാര്യംകൂടി പറയാം – പരിപൂര്‍ണ്ണതമനും ഗോലോകപതിയുമായ ശ്രീകൃഷ്ണന്‍ കംസാദിദൈത്യന്മാരുടെ നിഗ്രഹത്തിനും ഭൂഭാരഹരണത്തിനും ഭക്തപരിപാലനത്തിനുമായി അവതരിച്ചതാണ്. ഈ വാക്കുകള്‍ നിങ്ങള്‍ വിശ്വസിക്കണം. ഗുരുവചനം അവിശ്വസിക്കേണ്ടയില്ലല്ലോ?

ഗര്‍ഗ്ഗാചാര്യര്‍ നാമകരണം നിര്‍വഹിച്ചതും ജന്മരഹസ്യം വെളിപ്പെടുത്തിയതും തങ്ങളെ അറിയിക്കാതിരുന്നതില്‍ പരിഭവിച്ച് ചൊടിച്ചുകൊണ്ട് ഗോപന്മാര്‍ നന്ദഗൃഹത്തില്‍ നിന്നിറങ്ങിപ്പോയി. അവര്‍ നേരേ വൃക്ഷഭാനുഗൃഹത്തിലെത്തി. വൃഷഭാനുവിനോടു ഗോപന്മാര്‍, നന്ദരാജനുമായുള്ള സ്‌നേഹമൊഴിവാക്കണമെന്നും അദ്ദേഹത്തെ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ആ മഹാമതി, അവരെ വാസ്തവം അറിയിച്ച് ശാന്തരാക്കി. ഗര്‍ഗ്ഗമഹര്‍ഷി തന്നെ അറിയിച്ച സത്യവും അദ്ദേഹം, ഗോപന്മാരെ അറിയിച്ചു.

വ്രജവാസികള്‍, കൂടിയാലോചിച്ച് നന്ദസൂനുവിന്റെ മാഹാത്മ്യം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു. ഗോലോകപട്ടരാജ്ഞിയായ രാധയുടെ പതിയാകാനുള്ള യോഗ്യത കൃഷ്ണനുണ്ടോ എന്നു പരീക്ഷിക്കാന്‍ അവര്‍ വൃഷഭാനുവിനോടു പറഞ്ഞു: ‘അങ്ങ് വലിയ ധനവാനാണ്. രത്‌നാധിപനും ധനവാന്മാരുടെ ബന്ധുവുവാണ്. നന്ദസുതന്‍ പരിപൂര്‍ണ്ണതമനായ ഭഗവാനാണോ എന്ന് പരീക്ഷിച്ചറിയണം’. വൃഷഭാനുവും സമ്മതിച്ചു.

ഗോപന്മാരുടെ ഇംഗിതം മാനിച്ച് രാധാപിതാവ് മുത്തും രത്‌നവും നിറച്ച കൊട്ടകള്‍ നന്ദഗൃഹത്തിലെത്തിച്ചു. കൊണ്ടുചെന്ന ധനമെല്ലാം നന്ദനരാജനുമുന്നില്‍ എടുത്തുവച്ച് അനുചരന്മാര്‍ പറഞ്ഞു: ‘വ്രജേശ്വരാ, ഞങ്ങള്‍ അങ്ങയുടെ പുത്രനും രാധയുമായുള്ള വിവാഹമാലോചിച്ചു വന്നവരാണ്. ഈ ധനമെല്ലാം സ്വീകരിച്ച് അനുയോജ്യമായ സമ്മാനങ്ങള്‍ വധൂഗൃഹത്തിലേക്കു തന്നയച്ചാലും!’ നന്ദന്‍ ഇതുകേട്ട് കുഴങ്ങിപ്പോയി. കേവലം കൃഷീവലനായ തനിക്ക് ഇത്രയും ധനം എങ്ങനെ കൊടുക്കാന്‍ കഴിയുമെന്നാലോചിച്ച് ദുഃഖിച്ചു. വധൂഗൃഹത്തില്‍ നിന്നെത്തിക്കുന്നതിലധികം ധനം തിരിച്ചു നല്‍കുകയെന്നതാണ് ആചാരക്രമം! അതുസാധിച്ചില്ലെങ്കില്‍ പരിഹാസ്യനാകും! നന്ദന്‍ ആകെ ചിന്താവിവശനായി.

അപ്പോള്‍, ശ്രീകൃഷ്ണഭഗവാന്‍ അവിടേക്കു കടന്നുചെന്നു. സംഗതിയൊന്നുമറിയാത്തവനെപ്പോലെ സമ്മാനമായി നിരത്തിവച്ചിരിക്കുന്ന രത്‌നക്കൊട്ടകളില്‍ നിന്ന് കുറേ രത്‌നങ്ങള്‍ വാരിയെടുത്തുകൊണ്ടുപോയി. അതാകട്ടെ, നന്ദരാജനോ മറ്റാരെങ്കിലുമോ ശ്രദ്ധിച്ചുമില്ല. കൃഷ്ണന്‍ കൈയില്‍ കിട്ടിയ രത്‌നമെല്ലാം, കര്‍ഷകന്‍ വിത്തുപാകുന്നതുപോലെ മണ്ണില്‍ വിതച്ചു. പുതുമണ്ണിട്ടുമൂടി.

നന്ദന്‍, വൃഷഭാനു കൊടുത്തയച്ച ധനം എണ്ണിനോക്കി. ധനവാഹകര്‍ പറഞ്ഞതിനേക്കാള്‍ രത്‌നം  കുറഞ്ഞിരിക്കുന്നതായി കണ്ടു. അതദ്ദേഹത്തെ ഞെട്ടിച്ചു. കൂടുതല്‍ ലജ്ജിതനാക്കി. കാണാതായ രത്‌നങ്ങളെ അന്വേഷിച്ചു പലേടത്തും. എങ്ങും കാണായ്കയാല്‍ ബലനോടും കൃഷ്ണനോടും മറ്റു ബലവാന്മാരോടും ചോദിച്ചു.

‘അഥവാ ക്രീഡനാര്‍ഥം ഹി
കൃഷ്‌ണോ യദി ഗൃഹീതവാന്‍
ബലദേവോfഥവാ ബാലസ്തൗ
പൃച്ഛേദ്ദീനമാനസഃ’

(ദുഃഖിതനായ നന്ദഗോപന്‍, കൃഷ്ണനോടും മറ്റു ബാലന്മാരോടും, കളിക്കാനായിട്ടരെങ്കിലും രത്‌നങ്ങളെടുത്തുവോ എന്നു ചോദിച്ചു.)
കേള്‍ക്കേണ്ട താമസം കൃഷ്ണന്‍ –

‘കൃഷീവലോ വയം ഗോപാഃ
സര്‍വ്വേ ബീജ പ്രരോഹകാഃ
ക്ഷേത്രേയുക്തോ പ്രബീജാനി
വികീര്‍ണീകൃതവാനഹം”

(ഗോപന്മാരായ നമ്മള്‍ കൃഷീവലന്മാരാണല്ലോ! വിത്തുമുളപ്പിക്കുകയല്ലേ നമ്മുടെ കൃത്യം? കുറേ വിത്തുകള്‍ മുളപ്പിക്കാനായി, ഞാന്‍ മണ്ണില്‍ കുഴിച്ചിട്ടിട്ടുണ്ട്) എന്നു പറഞ്ഞു. നന്ദനും കൂട്ടരും കൃഷ്ണന്‍ കാട്ടിക്കൊടുത്ത സ്ഥലത്തെത്തി. രത്‌നം തിരിച്ചെടുക്കാന്‍. പക്ഷേ, അവിടെ വിസ്മയനീയമായ കാഴ്ചയാണ് അവര്‍ കണ്ടത്! കൃഷ്ണന്‍ പാകിയ മുത്ത് മുളച്ച് വലിയ ചെടികളായി! ശാഖകളും തളിരുകളും ഇലകളും നിറഞ്ഞ ചെടികള്‍! നക്ഷത്രക്കൂട്ടം പോലെ, രത്‌നങ്ങളും മുത്തുകളും ശാഖകള്‍ തോറും കുലകുലകളായി തൂങ്ങിക്കിടന്നു. നന്ദന് സന്തോഷം വര്‍ദ്ധിച്ചു. അനുചരന്മാരുമൊത്ത് ആ രത്‌നങ്ങളെല്ലാം പറിച്ചെടുത്ത്, കോടിക്കണക്കായ രത്‌നസഞ്ചയം വണ്ടികളില്‍ നിറച്ച്, വൃഷഭാനൂഭൃത്യന്മാര്‍ സഭയില്‍ വിവരിച്ചു. ഗോപന്മാര്‍ക്ക് സംശയം തീര്‍ന്നു. രാധാകൃഷ്മന്മാരെ ഗോലോകമാതാവും പിതാവുമായി അവര്‍ മാനിച്ചു. എല്ലാവരും സന്തുഷ്ടരായി. കൃഷ്ണഭഗവാന്‍ മുത്തുവിതച്ചു മുളപ്പിച്ച സ്ഥലം ഇന്ന് ‘മുക്തസരോവരം’ എന്നറിയപ്പെടുന്ന തീര്‍ഥസ്ഥാനമാണ്!.

ഭഗവത്മാഹാത്മ്യത്തിന്റെ അതിശയനീയമായ തത്ത്വം വിശദമാക്കുന്ന കഥയാണിത്. കൃഷ്ണന്‍ സാധാരണ ബാലനല്ല എന്ന അറിവാണല്ലോ. ഗോപന്മാരെക്കൊണ്ട്, പരീക്ഷണത്തിന് തയ്യാറെടുപ്പിച്ചത്. ഏതു പരീക്ഷയും ഭഗവാന്റെയും ഭക്തമാരുടെയും മുന്നില്‍ നിസ്സാരമാകുമെന്ന സത്യം കഥാപരിണാമത്തിലൂടെ വിശദീകരിച്ചിരിക്കുന്നു. കുത്സിതബുദ്ധികളുടെ യത്‌നങ്ങളൊന്നും ഭഗവാന്റെ മഹിമാതിരേകത്തിന് മങ്ങലുണ്ടാക്കുന്നില്ല. സംശയാലുക്കള്‍ എന്നും ഏതുകാര്യത്തിലും സന്ദേഹമുന്നയിച്ചുകൊണ്ടിരിക്കും. ‘ആള്‍പ്പിടിയനുണ്ടോ ആള്‍ഭേദ’മെന്നമട്ടില്‍ അക്കൂട്ടര്‍, ഈശ്വരവിലാസങ്ങളിലും സംശയമുന്നയിക്കും. ആത്യന്തികമായി നന്മയ്ക്കുതന്നെ വിജയമുണ്ടാവുകയും ചെയ്യും. ഇക്കാര്യം വിശദമാക്കാന്‍ മേല്‍ക്കാണിച്ച കഥ സമര്‍ത്ഥമാണ്.

മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍, ഇതില്‍ കൂടുതല്‍ അര്‍ത്ഥതലം കണ്ടെത്താന്‍ കഴിയും. ഭഗവാന്‍ കൃഷ്ണന്റെ അസാമാന്യകൃത്യങ്ങളാണല്ലോ ഗോപന്മാരെ സംശയാലുക്കളാക്കിയത്. ഈശ്വരകാര്യങ്ങളില്‍ ശ്രദ്ധയാലുക്കളാകുന്നവര്‍ ഈ നിലയിലാണ്. ഈശ്വരലീല അവര്‍ക്ക് അത്യദ്ഭുതങ്ങളായിത്തോന്നും. ഉറയ്ക്കാത്ത ഭക്തിയാല്‍ കൂടുതല്‍ സംശയമുണ്ടാവുകയും ചെയ്യും. അപാരമായ ഭഗവത്കൃത്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ പ്രാരംഭഘട്ടത്തില്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ് ഭഗവല്ലീലയില്‍ സംശയമുണ്ടായത്. തങ്ങളുടെ സങ്കല്പത്തിനെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ അവര്‍ക്കു സമ്മതമാകുന്നില്ല. ഈശ്വരഭക്തിക്ക് ഏതുകൃത്യവും സാദ്ധ്യമാണെന്നു വിശ്വസിക്കണമെങ്കില്‍ പരിപൂര്‍ണ്ണ ശരണാഗതിയും അര്‍പ്പണവും ആവശ്യമാണ്. അതിനാകട്ടെ, ‘ചാലേ വിടര്‍ന്നു വിലസീടിന’ ഭക്തിസുമം ഉണ്ടാവണം!

നന്ദഗോപരുടെ സമാധാനവാക്കുകളിലും വിശ്വാസ്യങ്ങളായ ഗര്‍ഗ്ഗവാക്യങ്ങളിലും ഗോപന്മാര്‍ തൃപ്തരായില്ല. അവര്‍ ക്ഷോഭിച്ചു. ഇത്തരം അന്തഃക്ഷോഭം സ്വാഭാവികമാണ്. ഇരുപാടും ചിന്തിച്ച് ഒരുപാടും ഉറയ്ക്കാത്ത മനസ്സാണ് ക്ഷോഭകാരിയാകുന്നത്. സാധാരണബുദ്ധികള്‍ക്ക് അതേ കഴിയൂ. ശാന്തമായി ചിന്തിച്ച് ദൃഢത കൈവരിക്കാനാവുന്നവര്‍ കോപിക്കുകയില്ല. ‘ക്രോധമല്ലോ യമനായതു നിര്‍ണ്ണയം’ എന്നും  ‘ക്രോധം പരിത്യജിക്കേണം ബുധജനമെ’ന്നും ശമധനന്മാര്‍ക്കു മാത്രമേ അറിയൂ. ക്ഷുഭിതരായ ഗോപന്മാരോടു സംസാരിച്ച നന്ദരാജനും വൃഷഭാനു വരനും ‘സന്തതം ശാന്തിയേ കാമസുരഭി കേള്‍’ എന്ന തത്ത്വം വിശദമാക്കുന്ന മനസ്സിന്നുടമകളാണ്. തങ്ങള്‍ക്കൊന്നും ഗോപ്യമായി വയ്ക്കാനില്ലെന്നും സംഭവിച്ച കാര്യങ്ങള്‍ ഏതൊക്കെയാണെന്നും പറയുന്ന സന്മനസ്സുകളാണ് നന്ദനും വൃഷഭാനുവും. പക്ഷേ അസമീക്ഷ്യകാരികളുടെ മുമ്പില്‍ സജ്ജനഭാഷണമെങ്ങനെ ശോഭിക്കും?

സത്തുക്കള്‍ സത്യമായതു ചൊല്ലിയിട്ടും ശത്രുവെപ്പോലെ ക്രുദ്ധിക്കാനാണ് ഗോപന്മാരൊരുങ്ങിയത്. നിജസ്ഥിതി പരീക്ഷിച്ചറിയാന്‍ അവര്‍ ഒരുമ്പെട്ടു. ഒരുവിധത്തില്‍ ഇത് പരിണാമാര്‍ഹമായ ഒരു കൃത്യംതന്നെ. ഈശ്വരീയകാര്യങ്ങളെ ചോദ്യം ചെയ്യാനായിട്ടാണെങ്കിലും തുടര്‍ച്ചിന്തയ്ക്കു വിധേയമാക്കുന്തു നല്ലതാണ്. എന്തെന്നാല്‍, ആ തുടര്‍ച്ച സത്തായ ലക്ഷ്യത്തില്‍ത്തന്നെ എത്തിച്ചേരും. രാധാകൃഷ്ണന്മാരുടെ വിവാഹാലോചനക്കാരെന്ന ഭാവത്തിലാണ് പിന്നീട് ഗോപന്മാര്‍ നന്ദഗൃഹത്തിലെത്തിയത്. രാധ നിര്‍ഹേതുകഭക്തിയും കൃഷ്ണന്‍ ഭഗവാനുമാണല്ലോ? ജിജ്ഞാസുവിലുണ്ടായ ഭക്തി വിവിധ തലങ്ങളില്‍ തടയപ്പെട്ടശേഷം ഭഗവാനിലേക്കു പ്രയാണമാരംഭിച്ചു എന്നു സാരം. സദ്ഭാവത്തിലോ കുഭാവത്തിലോ ചെയ്യുന്ന ആരാധനകളെല്ലാം യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തിച്ചേരുമെന്ന് നമുക്കറിയാം. ‘സര്‍വ്വദേവ നമസ്‌കാരം കേശവം പ്രതിഗച്ഛതി’ എന്നതുപോലെ.

‘ഭക്തിയായ കാറ്റു കൈക്കണക്കിലേറ്റു പെരുകിയ/ഭാഗ്യപാരാവാര ഭംഗപരമ്പരയാ/സക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു/ ശാര്‍ങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ട’ കുചേലന്റെ നിലയിലേക്കു വളര്‍ന്ന ഭക്തന്മാരായി ഗോപന്മാര്‍! അവര്‍, രത്‌നങ്ങളും മുത്തുകളും കൊണ്ടാണ് നന്ദഗൃഹത്തിലെത്തിയത്. ഇത് ഭക്തഹൃദയംനിറഞ്ഞ നന്മയാണ്. ഭഗവാനു സമര്‍പ്പിക്കുന്ന നിവേദ്യം! സച്ചിന്തകളും ഭക്തിവചനങ്ങളും സ്തുതികീര്‍ത്തനങ്ങളുമാണ് ഈ രത്‌നങ്ങള്‍!

മലര്‍ക്കന്യാമണവാളന് എന്താണു സമര്‍പ്പിച്ചുകൂടാത്തത്? ‘കൈക്കലിഭവുമാമിലയുമാം കുസുമവുമാം’ ഭക്തന്‍ സമര്‍പ്പിക്കുന്നതെന്തും ഭക്തപരായണനായ നാരായണന്‍ സ്വീകരിക്കും! ഭക്തന്റെ മാനസചോരനായ കൃഷ്ണന്, ഗോപന്മാര്‍ വൈവാഹികധനമായര്‍പ്പിച്ച രത്‌നങ്ങള്‍, സ്വീകാര്യമായി. വിവാഹ ശബ്ദംതന്നെ ശ്രദ്ധിക്കാം. വിശേഷേണയുള്ള വാഹം! വഹിക്കല്‍! ഉള്‍ക്കൊള്ളല്‍! സ്വീകരിക്കല്‍! സാമാന്യചിന്തകൊണ്ട് ഈശ്വരസാമീപ്യം പോലുമുണ്ടാവുകയില്ല. അതേസമയം ഭക്തിയോടെ വെറും പൂഴിയെന്നാകിലും ഭക്തനായുള്ളവന്‍ നല്‍കിയാല്‍ അതിലാണ് ഭഗവാനു പ്രിയം! ഗോപന്മാര്‍ സമര്‍പ്പിച്ച ധനം ഭഗവാന്‍ സ്വീകരിച്ചതിന്റെ പ്രതീകാത്മകാഖ്യാനമാണ് രത്‌നങ്ങള്‍ ചോരണം ചെയ്യപ്പെട്ടു എന്നതിലൂടെ സൂചിതമായിരിക്കുന്നത്.

രത്‌നാപഹരണം ചെയ്തതിനെ നന്ദരാജന്‍ ചോദ്യം ചെയ്യാനടുത്തപ്പോള്‍ കൃഷ്ണന്‍ പറഞ്ഞവാക്കുകളും ശ്രദ്ധിക്കേണ്ടതാണ്. ‘അതേ, ഞാനെടുത്തു. നമ്മള്‍ കൃഷീവലരല്ലേ? ഞാന്‍, രത്‌നബീജങ്ങള്‍ മുളയ്ക്കാനായി വിതച്ചിരിക്കുകയാണ്.’ ഭഗവാന്റെ ചെയ്തികള്‍ അപ്രകാരമാണ്. ഭക്തിക്കു കാരണമായ വിത്ത് (താത്പര്യം) ഭക്തഹൃദയത്തില്‍ വിതച്ചുമുളപ്പിക്കുന്നത് ഭഗവത്കൃപയാണ്. ഒരുമാത്ര ഭഗവാനോടടുത്താല്‍ പത്തുമാത്ര ഭഗവാനടുക്കുമത്രേ! നല്‍കുന്നതില്‍ പതിന്മടങ്ങുദാനം ചെയ്തു. പങ്കജാക്ഷപകൊണ്ടു മുട്ടിക്കുകയാണ് ഈശ്വരാനുഗ്രഹത്തിന്റെ സ്വഭാവം! മണ്ണില്‍ കുഴിച്ചിട്ട മുത്തും രത്‌നവും ചെടികളായെന്നതും അവയില്‍ രത്‌നങ്ങളും മുത്തുകളും കുലകുലകളായി വിളഞ്ഞുകാണപ്പെട്ടു എന്നതും ഈ യുക്തിയുടെ വെളിച്ചത്തില്‍ വേണം മനസ്സിലാക്കാന്‍!

ഗോപന്മാര്‍, അദ്ഭുതപരതന്ത്രരാവുകയും ഭഗവത്മാഹാത്മ്യത്തില്‍ തൃപ്തിരാവുകയും ചെയ്തു. അവര്‍ക്കു കൃഷ്ണനിലും നന്ദരാജനിലുമുണ്ടായ അവിശ്വാസ്യതകളെല്ലാം നീങ്ങി. വിഷഭാനുപുത്രിയായ രാധയുടെ ഭര്‍ത്താവാകാന്‍ സര്‍വ്വഥായോഗ്യനാണ് കൃഷ്ണനെന്നു മനസ്സിലാക്കി സംപ്രീതരായി. ലക്ഷ്യം പ്രാപിച്ച ഭക്തി നിതാന്തശാന്തമാകുന്ന രീതിയാണ് ഇവിടെ കാണുന്നത്. ഗോപന്മാര്‍ (ഭക്തന്മാര്‍) ഈശ്വരനെ അറിയാന്‍ ശ്രമിക്കുന്നതും ശ്രമം സംശയകാരണത്താല്‍ തടയപ്പെടുന്നതും നന്ദ-വൃഷഭാനു ഗുരുവരന്മാരുടെ വാക്കുകളനുസരിച്ച് ദീര്‍ഘകാലം ശ്രമിച്ച് സംയമചിത്തരായി (മുത്തും രത്‌നങ്ങളും വഹിക്കുന്നവരായി) ഭഗവാനെ സമീപിക്കുകയും ഭക്തഹൃദയാവാസനായ ഭഗവാന്‍, അവരുടെ നിവേദ്യം (ഹൃദയാര്‍പ്പണം) സ്വീകരിച്ച് സായൂജ്യം നല്‍കുന്നതുമാണ് ഈ കഥയിലെ തത്ത്വാമൃതം! നന്ദരാജനോടുള്ള ചോദ്യവും ഗോപന്മാരുടെ ക്രോധവുമെല്ലാം രസായനം വിളമ്പുവാനുള്ള പാത്രനിര്‍മ്മിതിയായി കണ്ടാല്‍മതി.

മുക്തസരോവരം ഭഗവദ്ഭക്തിയുടെ പ്രതീകംതന്നെയാണ്. കൃഷ്മന്‍ മുത്തുവിതച്ച് വിളയിച്ചുവിളക്കിയ സ്ഥലം മുക്തസരോവരം എന്നറിയപ്പെട്ടതായി ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞിരിക്കുന്നു. ഭക്തിപൂരം നിറച്ച മനസ്സുകളാണ് തീര്‍ത്ഥസ്ഥാനങ്ങള്‍! നിസ്വാര്‍ഥഭക്തി തീര്‍ഥഘട്ടങ്ങള്‍പോലെ പരിപൂതങ്ങളായിരിക്കും. അവിടെ ശാന്തിസമാധാനങ്ങള്‍ നിതരാം പ്രഭാവിതങ്ങളായിരിക്കും!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം