രാജാരവിവര്‍മ്മസ്മാരകം ചിത്രകാരന്മാരുടെ തീര്‍ത്ഥാടനകേന്ദ്രമായിമാറും: മന്ത്രി കെ.സി. ജോസഫ്

May 8, 2013 കേരളം

കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരകനിലത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കുന്നു.

കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരകനിലത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: ചിത്രമെഴുത്ത്തമ്പുരാന്‍ രാജാ രവിവര്‍മ്മയ്ക്ക് ജന്മനാടായ കിളിമാനൂരില്‍ ഉയരുന്ന സ്മാരകനിലയം ചിത്രകാരന്മാരുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു.  സ്മാരകനിലയത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  73.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്.  രണ്ടാംഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കും.  സ്മാരകം പൂര്‍ണ്ണമാകണമെങ്കില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്യാലറി ഉണ്ടാകേണ്ടിയിരിക്കുന്നു.

രാജ്യത്തിന്റെ ടൂറിസം മാപ്പില്‍ ഇടംനേടുവാന്‍തക്കവിധമുളള സാംസ്‌കാരിക നിലയമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം, കുട്ടികളുടെ പാര്‍ക്ക്, മണ്ഡപങ്ങള്‍, ആംഫി തിയേറ്റര്‍, ഗേറ്റ് വേ എന്നിവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.  ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മിക്കുന്ന സ്മാരകത്തിന് ഏകദേശം 4.5 കോടി രൂപ ചെലവാകും.  സ്മാരകനിലയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. സമ്പത്ത് എം.പി. മുഖ്യാതിഥിയായി.  ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രിന്‍സ്, ജില്ലാ പഞ്ചായത്തംഗം കെ. രാജേന്ദ്രന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം