ജയിലില്‍ പരിക്കേറ്റ് ചികിത്സയില്‍കഴിഞ്ഞ പാക് തടവുകാരന്‍ സനാവുല്ല മരിച്ചു

May 9, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ജമ്മു സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചണ്ഡീഗഡ് ആശുപത്രിയിലായിരുന്ന പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശി സനാവുല്ല രഞ്ജായി(52) മരിച്ചു. ചണ്ഡീഗഡ് പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ആശുപത്രിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു മരണം.

മസ്തിഷ്‌ക മരണം സംഭവിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സനാവുല്ലയുടെ മരണം വിവിധ അവയവങ്ങളുടെ തകരാറു മൂലമാണുണ്ടായതെന്ന് ആശുപത്രി വക്താവ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവമായതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യും. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ ചണ്ഡിഗഡ് ഭരണകൂടവും ആഭ്യന്തര മന്ത്രാലയവുമാണ് നടപടി സ്വീകരിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചു. സംഭവം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്നും ഇന്ത്യന്‍ ജയിലുകളില്‍ കാലാവധി പൂര്‍ത്തിയാക്കിയ 47 പാക്ക് തടവുകാരെ വിട്ടയക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനത്തില്‍ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റ നിലയില്‍ വെള്ളിയാഴ്ച എയര്‍ ആംബുലന്‍സില്‍ ചണ്ഡിഗഡിലെത്തിച്ച സനാവുല്ല അന്നു മുതല്‍ വെന്റിലേറ്ററിലായിരുന്നു. വൃക്കകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇന്നലെ സനാവുല്ലയുടെ നില ഗുരുതരമായിരുന്നു. ഡയാലിസിസ് നടത്തിവന്നെങ്കിലും ശാരീരികോഷ്മാവു കുറയുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍