അണ്‍എയ്ഡഡ് സ്‌കൂള്‍ പ്രവേശനം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

May 9, 2013 കേരളം

തിരുവനന്തപുരം: അണ്‍എയ്ഡഡ് സ്‌കൂളിലും സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ പ്രവേശനം സുതാര്യവും പക്ഷഭേദമില്ലാതെയും സാര്‍വ്വത്രികവും ആക്കിത്തീര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും അണ്‍എയ്ഡഡ്/സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലോ പ്രീപ്രൈമറി ക്ലാസിലോ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ ആകെ എണ്ണത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത ശതമാനം സീറ്റുകള്‍ പരിശോധനാസംവിധാനത്തിലൂടെ തെരഞ്ഞെടുത്ത് പ്രവേശനം നല്‍കണം. പിന്നാക്ക ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മുന്‍ഗണന/അനുപാത ക്രമവും തെരഞ്ഞെടുക്കുന്ന രീതിയും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും പഠന-പഠനേതര സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പുവരുത്തണം. 75 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് നീതിപൂര്‍വ്വമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാം. രക്ഷകര്‍ത്താക്കളുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലോ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ടെസ്റ്റോ ഇന്റര്‍വ്യുവോ നടത്തിയോ പ്രവേശനയോഗ്യത നിശ്ചയിക്കുവാന്‍ പാടില്ല. എല്ലാ സ്‌കൂളുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം