അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് മൂന്നു ദിവസത്തിനുള്ളില്‍

November 21, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം.77 കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യം. സംസ്ഥാനത്ത് 13 കേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ മൂന്നു കേന്ദ്രങ്ങളുണ്ടാകും. ഇതില്‍ ഒന്ന് കണ്ണൂരും മറ്റ് രണ്ടെണ്ണം വടകര, കോഴിക്കോട് വെസ്റ്റ് ഹില്‍ എന്നിവിടങ്ങളുലുമായിരിക്കും.ഫ്രണ്ട് ഓഫീസ് സംവിധാനം ടാറ്റ കണ്‍സള്‍ട്ടന്‍സി നേരിട്ട് നടത്തും. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിനായി അസിസ്റ്റന്‍റ് പാസ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാകും സേവാകേന്ദ്രങ്ങളില്‍ ഉണ്ടാകുക. അപേക്ഷകളില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കാന്‍ എസ്.പി. ഓഫീസുമായി ഓണ്‍ ലൈന്‍ ബന്ധമുണ്ടാകും. മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷകന് പാസ്‌പോര്‍ട്ട് ലഭിക്കും. ഇത് നിലവില്‍ വന്നാല്‍ പാസ്‌പോര്‍ട്ട് അച്ചടി, ലാമിനേഷന്‍, ഒപ്പുരേഖപ്പെടുത്തല്‍ എന്നീ ജോലികള്‍ മാത്രമാകും പാസ്‌പോര്‍ട്ട് ഓഫീസില്‍ നടക്കുക. അപേക്ഷകന്റെ ഫോട്ടോയെടുക്കല്‍, വിരലടയാളം പതിക്കല്‍ തുടങ്ങിയ ജോലികള്‍ സേവാ കേന്ദ്രങ്ങളില്‍ നടക്കും. ഓരോ അപേക്ഷകനും സേവാകേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരാകണമെന്നത് നിര്‍ബന്ധമാണ്. അടുത്ത മാര്‍ച്ചോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം