കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന് കരുത്ത് നല്കിയ പ്രസ്ഥാനം: കേന്ദ്ര മന്ത്രി കെ.വി.തോമസ്

May 11, 2013 കേരളം

തിരുവനന്തപുരം: സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് ഏറെ കരുത്ത് നല്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകളുടേയും കുടുംബങ്ങളുടേയും സ്വയം പര്യാപ്തമായ ജീവിതം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ രാജ്യത്തിനു തന്നെ അഭിമാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുടുംബശ്രീ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മമാരേയും സഹോദരിമാരേയും മികച്ച രീതിയില്‍ സംഘടിപ്പിച്ച് അവരുടെ കുടുംബത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സാമൂഹ്യ വികാസത്തിന് ഊര്‍ജ്ജമാകുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടക്കാനൊരുങ്ങുന്ന കുടുംബശ്രീ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലും സാമൂഹ്യ പരിരക്ഷയും നല്കി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുകയാണ് കുടുംബശ്രീയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായ എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 120 കോടി രൂപയാണ് സര്‍ക്കാര്‍ കുടുംബശ്രീക്കായി വകയിരുത്തിയിരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന അജണ്ടയാക്കി സമൂഹത്തെ ലഹരി മുക്തമാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കെ.ബാബു പറഞ്ഞു. കുടുംബശ്രീയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പാവപ്പെട്ട കുടുംബങ്ങള്‍ ഇന്നും ഉണ്ട്. അത്തരത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി അവരെ കൂടി കുടുംബശ്രീയുടെ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ, നഗര പ്രദേശങ്ങളിലെ മികച്ച അഞ്ചു സി.ഡി.എസുകള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും നെടുമ്പാശ്ശേരി, വേങ്ങൂര്‍ എസ്.റ്റി ആശ്രയ പദ്ധതികളുടെ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച യൂണിയന്‍ ബാങ്കിനെ ആദരിച്ചു. 3.67 കോടി രൂപയാണ് ധനസഹായമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ ബാങ്ക് നല്കിയത്. കുടുംബശ്രീയുടെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സി.ഡി.എസുമാരേയും ഗ്രൂപ്പുകളേയും ആദരിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മനോരമ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച ഘേഷയാത്രയില്‍ അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിപാടിയോനുബന്ധിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിപണന പ്രദര്‍ശന മേളയും ഒരുക്കിയിരുന്നു. ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ ബെന്നി ബഹ്നാന്‍, വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, കൊച്ചി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി അധ്യക്ഷ എസ്സി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ജോസ്, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗം ഷേര്‍ലി സ്റ്റീഫന്‍, കുടുംബശ്രീ ജില്ല കോ-ഓര്‍ഡിനേറ്റര്‍ റ്റാനി തോമസ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അസിം ലബ്ബ, സിന്‍സിമോള്‍ ആന്റണി, സന്തോഷ് അഗസ്റ്റിന്‍, മഞ്ജു എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം