ഗുരുത്വ ചിന്തകള്‍ – “ഗുരുത്വാത്‌ സര്‍വാധിക്യാത്‌ഗുരു”

November 22, 2010 സനാതനം

കെ.ജി.മുരളീധരന്‍ നായര്‍
എല്ലാറ്റിനും മുമ്പുള്ളതും സര്‍വ്വതിനും കാരണമായതും,സര്‍വ്വരൂപങ്ങളിലെയും,ചലനം ശക്തി ബലം,ഇവക്കാധാരമായിരിക്കുന്നതും,സര്‍വ്വതിന്റെയും സമൃദ്ധിക്കു കാരണമായിരിക്കുന്നതും,സൃഷ്‌ടി,സ്ഥിതി സംഹാരം ഇവക്ക്‌ സാമര്‍ത്ഥ്യമുള്ളതും,പൂജക്ക്‌ സര്‍വ്വത്ര സര്‍വ്വദാ യോഗ്യമായിരിക്കുന്നതുമാണ്‌ ഗുരുസ്വരൂപം ഈ സ്വരൂപത്തെ ശ്രോതിയനും (ബ്രഹ്മനിഷ്‌ഠനുമായ വര്‍ത്തമാനകാല ഗുരുവിന്റെ ഉപദേശംകൊണ്ട്‌) നവവിധഭക്തി,ത്രിവിധതപസ്സ്‌,പഞ്ചയജ്ഞങ്ങള്‍ അഷ്‌ടാംഗയോഗം,നിഷ്‌കാമകര്‍മ്മങ്ങള്‍ ഇവയിലൂടെ അന്തഃകരണത്തിന്‍ പ്രത്യക്ഷമായി കാണാം. അതിനാല്‍
“ഗു ശ്‌ ശബ്‌ദ മണ്‌ഡകാര:സ്യാത്‌
`രു’ ശ്‌ ശബ്‌ദ സ്‌തന്നി രോധക
അന്ധകാര നിരോധിത്വാത്‌
ഗുരുരിത്യഭിധീയതേ” എന്നിപ്രകാരം
ഗുരുമഹത്വം ഗുരുരീതിയിലൂടെ പ്രസിദ്ധമാക്കി. അജ്ഞാനമാകുന്ന മരണകതാരണവും രോഗ,ജരാ കാരണവും പുനര്‍ജ്ജന്മ കാരണവുമായ അന്ധകാരത്തെ നിത്യമായി അകറ്റി സാധകനില്‍ ജ്ഞാനമാകുന്ന അമൃതമയമായ സ്വരൂപം സൂര്യതുല്യം പ്രകാശിപ്പിക്കുന്ന മഹാത്മാവാണ്‌ വര്‍ത്തമാന കാല ഗുരു. ഇത്തരം ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും,ഋഷികളുടെയും,ബ്രാഹ്മണരുടെയും പരമ ഗുരുവാണ്‌ സദ്‌ഗുരുവായ പരമാത്മാവ്‌.
“ഗുരുവേ സര്‍വ്വ ഭൂതാനാ
ഭിഷജേ ഭവ രോഗിണാം
നിധയേ സര്‍വ്വ വിദ്യാനാം
ശ്രീ.ദക്ഷിണാ മൂര്‍ത്തയേനമഃ”
18 വിദ്യകളും,64 കലകളും സംസാര രോഗത്തിനു കാരണമായ ചികിത്സയും, സംസാര നാശകാരണമായ ഔഷധവും ശ്രീ.ദക്ഷിണാ മൂര്‍ത്തി സ്വാമിയുടെ കരങ്ങളിലുണ്ട്‌. ജ്ഞാന മാര്‍ഗ്ഗത്തിന്റെ അറുതിയായിരിക്കുന്ന വേദനിധിയായ ഭഗവാന്‍ കര്‍മ്മ മാര്‍ഗ്ഗത്തിലലയുന്നവര്‍ക്ക്‌ മരണ കാരണമായും തീരുന്നു.
മഹത്ത്വവും,പ്രഭുത്വവും,വിഭുത്വം ഇവയിലെ അജവും അജരവും അമരവും അമൃതമയവുമായ തത്ത്വമാണ്‌ ഗുരുത്വം. മഹത്ത്വം എന്ന വാക്കിന്‌ ബ്രഹ്മമെന്നും,പരമാത്മാവെന്നും,ഭഗവാന്‍ എന്നും അര്‍ത്ഥമുണ്ട്‌. സ്‌തുതി,പ്രാര്‍ത്ഥന,പൂജ,യജ്ഞം,തപസ്സ്‌,ദാനം,യോഗം ഇവയൊക്കെ സാധകനിലെ ഗുരുത്വം വര്‍ദ്ധിപ്പിക്കുകയും അജ്ഞാനമകറ്റി സകലരുടെയും ആരാധനക്കു യോഗ്യനായ പരമഗുരുവിലേക്ക്‌ അവനെ എത്തിക്കുകയും ചെയ്യും. “ജ്ഞാനി എന്റെ ആത്മാവാകുന്നു” എന്ന ഭഗവദ്‌ഗീതയിലെ ഈശ്വര വചനം പ്രസിദ്ധമാണ്‌. ദേവന്മാരുടെയും, മഹര്‍ഷിമാരുടെയും അസുരന്മാരുടെയും,രാക്ഷസന്മാരുടെയും,പക്ഷികളുടെയും വൃക്ഷങ്ങളുടെയും,മൃഗങ്ങളുടെയും എന്നു വേണ്ട സകലതിന്റെയും ബീജസ്ഥാനമാണ്‌ ഭഗവാന്‍. പ്രഭവിക്കുക എന്നതിന്‌ തന്റെ മായാശക്തിയുടെ വൈഭവത്തിലൂടെ പ്രപഞ്ചമായി താഴേക്ക്‌ ഇറങ്ങി വരിക (അവതരിക്കുക) എന്നാണ്‌ അര്‍ത്ഥം. (പ്രഭുത്ത്വം),സര്‍വ്വജ്ഞാനവും,സര്‍വ്വവ്യാപിയും,സര്‍വ്വേശരനുമായ പരമഗുരുവിന്റെ സൃഷ്‌ടി സാമര്‍ത്ഥ്യം,സൂര്യ ചന്ദ്രാദികളിലെ അമരത്വം,വായു ജലം തുടങ്ങിയവയ്‌ക്ക്‌ സ്വയം വസിക്കുന്നതിനും, മറ്റുള്ളവയെ വാസയോഗ്യമാക്കുന്നതിനുമുള്ള സാമര്‍ത്ഥ്യം,ഐശ്വര്യം വീര്യം തുടങ്ങിയ ഭാഗങ്ങള്‍ സൃഷ്‌ടി ഇവയിലേക്ക്‌ വ്യാപിപ്പിക്കുന്നതിനുള്ള ജ്ഞാനം അനന്തന്‍,ആദികര്‍മ്മം ഇവയുടെ രൂപത്തില്‍ ഭൂമി ധരിക്കുന്നതിനുള്ള ശക്തി ഇവയൊക്കെ വിഭുത്വത്തില്‍ പെടുന്നു.
“നിത്യം വിഭും സര്‍വ്വഗതം സുസൂക്ഷ്‌മം”
“ഏകം നിത്യം വിമല മചലം”
“ഭാഗവാതീതം ത്രിഗുണ രഹിതം സത്‌ഗുരും തംനമാമി”
എന്നിങ്ങനെ ഗുരുത്വ ചിന്തകള്‍ മഹാത്മാക്കളുടെ നിശ്വാസത്തിലൂടെ പുറത്തുവന്നിട്ടുണ്ട്‌.
മാതാപിതാക്കന്മാര്‍,അമ്മാമന്‍ ജ്യേഷ്‌ഠന്‍ വിദ്യനല്‍കുന്ന ആള്‍ ഇവരാണ്‌ പഞ്ചഗുരുക്കന്മാര്‍. ഇപ്പോഴത്തെ ശരീരത്തിനും,ബുദ്ധിയുടെ വളര്‍ച്ചക്കും ഗുരുത്വ നിര്‍ണ്ണയത്തിന്‌ മാര്‍ഗ്ഗം നല്‍കിയതിനും ഇവരോട്‌ കടമുണ്ട്‌. അതിനാല്‍ ഇവക്കൊക്കെ അന്നവും ധനവും വസ്‌ത്രവും,ഔഷധവും നല്‍കി ഇവരെ ശുശ്രൂഷിച്ച്‌ അനുഗ്രഹം വാങ്ങിയാല്‍ത്തന്നെ ജന്മം സഫലമാകും.
ബോധക ഗുരു,കാമ്യഗുരു,വേദകഗുരു നിഷിദ്ധഗുരു,വാചകഗുരു,സൂചകഗുരു,കാരണഗുരു,വിഹിതഗുരു എന്നിങ്ങനെ ഗുരുക്കന്മാരുടെ പട്ടികനിരത്തി ഇവരുടെയൊക്കെ വ്യാപാരങ്ങള്‍ നിശ്ചയിച്ച്‌ ആടിനെപ്പോലെ പുരയിടങ്ങള്‍ തോറും അല്‌ഞ്ഞു നടന്ന്‌,ഒരു പ്ലാവിന്റെ ഇലയും,ഒരു ചെമ്പരത്തിയുടെ ഇലയും ഒരു തൊട്ടാവാടിഇലയും തിന്ന്‌,വ്യാപാരം നടത്തുന്നവന്റെ പഴക്കുലയില്‍ എത്തിപ്പിടിച്ച്‌ അടിയും കൊണ്ട്‌ സമയം കൊല്ലുന്ന ആടിനെപ്പോലെയാവരുത്‌ സാധകന്‍. ജീവശ്വേരഐക്യത്തെയും പ്രവഞ്ച ഈശ്വരബന്ധത്തെയും സൂക്ഷ്‌മമായി നിര്‍ണ്ണയിക്കുന്നതിനും,പകുത്തറിവ്‌ (വിവേകം) വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യയില്‍ സ്വയം വസിച്ച്‌ മറ്റുള്ളവരെയും വസിപ്പിച്ച്‌ (വസു) ലേകത്തെ അനുഗ്രഹിക്കുന്ന കാരണഗുരുവും,ശിഷ്യന്റെ സകല സംശയങ്ങളും ജ്ഞാനാഗ്നിയില്‍ ഭസ്‌മമാക്കുന്ന വിഹിത ഗുരുവും ശ്രേഷ്‌ഠന്മാരാണ്‌.
നിനവ്‌ (പരമാത്മ ചിന്ത) അറിവ്‌,വെളിവ്‌,തെളിവ്‌,നിറവ്‌,ഉണര്‍വ്വ്‌ ഇവയിലെ അമൃതമായ ചൈതന്യമാണ്‌ ഗുരു. നാമജപം ശാസ്‌ത്രപഠനം ഇവ ജ്ഞാനാഗ്നിയെ വര്‍ദ്ധിപ്പിക്കും. മത്സ്യം,മാംസം,സ്‌ത്രീ സേവ,ഗഞ്ചാവ്‌,ഇവ ത്യജിക്കുന്നവന്‌ വെളിവും തെളിവും കൂടും. ഇവയൊക്കെ അമിതമായാല്‍ വെളിവുകെടും. ആത്മ രതിയില്‍ താത്‌പര്യവും,പരോപകാരരതിയും വര്‍ദ്ധിപ്പിക്കും. ഇത്‌ സര്‍വ്വത്ര പരിപൂര്‍ണ്ണനായ ജഗത്‌ ഗുരുവിനെ അറിയുന്നതിന്‌ കാരണമാകും. (നിറവ്‌). ശ്രീ.വിദ്യാധി രാജതിരുവടികളുടെയും, ശ്രീ.നാരായണഗുരുവിന്റെയും ശ്രീ.ശങ്കരാചാര്യരുടെയും കൃതികളില്‍ പരമാത്മാവിന്റെ നിത്യമായ സാന്നിദ്ധ്യമുണ്ട്‌. ഈ സാന്നിദ്ധ്യമറിഞ്ഞ വിദ്വാന്മാര്‍ നിര്‍മ്മലമായ ഈ സ്വരൂപത്തെ അജ്ഞാനികളെ അറിയിക്കുന്നവരാണ്‌. ഗുരുക്കന്മാര്‍,ആചാര്യന്മാര്‍,ഋഷികള്‍,ദേവന്മാര്‍ ഇവരൊക്കെ മനുഷ്യരില്‍ത്തന്നെയുണ്ട്‌. ഇങ്ങനെ മനുഷ്യത്വമുള്ളവര്‍ അഹിംസ,സത്യം,ജീവകാരുണ്യം,ഇന്ദ്രിയനിഗ്രഹം, ക്ഷമ സത്യം,ദാനം,ദയ,ദമം,ഇവയുടെ മഹത്ത്വം അജ്ഞാനികളെ ബോധിപ്പിക്കുന്നതിന്‌ സാമര്‍ത്ഥ്യമുള്ളവരാണ്‌. സത്തംഗം,സത്‌ ഗ്രന്ഥപാരായണം ഇവ അന്തഃകരണ ശുദ്ധിക്ക്‌ കാരണമാണ്‌. സാധകന്റെ ശക്തിയറിഞ്ഞ്‌ വളരെ സൗമ്യമായി വിദ്യയെ ദാനം ചെയ്യുന്നവനാണ്‌ ഗുരു. വളരെ ഗൗരവമായി ഗുരുത്വമുള്ള രാമായണവും ഭഗവത്‌ഗീതയും മറ്റും ഇവര്‍ പഠിക്കുന്നതിനും,പഠിപ്പിക്കുന്നതിനും കൂടി സമര്‍ത്ഥരാണ്‌. ഉറക്കത്തിലും,സ്വപ്‌നത്തിലും മരിക്കുന്നവന്‍ അജ്ഞാനിയായി ജനിക്കാന്‍ സാദ്ധ്യത കൂടുതലാണ്‌. അതിനാല്‍ ശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പഠിക്കുമ്പോള്‍ (പഠിപ്പിക്കുമ്പോള്‍) മരിച്ചാല്‍ അടുത്ത ജന്മത്തില്‍ ജ്ഞാനശക്തിയില്‍ ഉണര്‍വ്വില്‍ (മാതാപിതാക്കന്മാരുടെ) നല്ല ജന്മം ലഭിക്കും. കൂടുതല്‍ സമയം വിദ്യ അഭ്യസിച്ചു കൊണ്ട്‌ (അഭ്യസിപ്പിച്ചുകൊണ്ട്‌) മഹാത്മാക്കള്‍ ഉണര്‍ന്നിരിക്കുന്നു. മഹാജാഗ്രത്ത്‌ എന്നത്‌ പരമാത്മ ഭാവത്തിലുള്ള ഉണര്‍ന്നിരിക്കലാണ്‌. സാത്ത്വിക ചിന്തയും സാത്ത്വിക ഭക്ഷണവും ഇതിനു കാരണമാണ്‌.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം