പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

May 12, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

nawaz_sharifഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് -നവാസ് നേതാവ് നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദവിയിലേക്ക്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം നയിക്കുന്ന പിഎംഎല്‍- എന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂന്നാം തവണയാണ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്. 272 അംഗ പാര്‍ലമെറില്‍ 130 സീറ്റുകളില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. അധികാരത്തിലെത്തുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രികെ ഇ ഇന്‍സാഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാല്‍ പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. എങ്കിലും പരാജയം സമ്മതിക്കുന്നതായി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു. അതിനിടെ, പിഎംഎല്ലിന് കേവല ഭൂരിപക്ഷം ലഭിക്കാന്‍ പ്രാര്‍ഥിക്കാന്‍ നവാസ് ഷെരീഫ് അനുയായികളോട് അഭ്യര്‍ഥിച്ചു.

പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോഡ മണ്ഡലത്തില്‍നിന്ന് വിജയിച്ചതിനു പിന്നാലെയാണ് അദ്ദേഹം അഭ്യര്‍ഥന നടത്തിയത്. നവാസിനെ സഹോസരന്‍ ഷഹബാസ് ഷരീഫ് ലാഹോറല്‍നിന്ന് വിജയിച്ചു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയോടെ നവാസ് ഷെരീഫ് അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ജാമിയത് ഉലെമ തുടങ്ങിയ ചെറു കക്ഷികള്‍ നവാസിനെ പിന്തുണച്ചേക്കും. അതേസമയം നവാസിന്റെ വിജയത്തില്‍ പാക്കിസ്ഥാനിലെ തെരുവുകളില്‍ ആഘോഷം പൊടിപൊടിക്കുകയാണ്. രാത്രി വൈകിയും പ്രവര്‍ത്തകര്‍ തെരുവുകളില്‍ ആഘോഷിത്തിലായിരുന്നു.

ഇക്കുറി 60 ശതമാനത്തോളം പോളിംഗാണ് നടന്നതെന്ന് പാക്കിസ്ഥാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഫക്രുദ്ദീന്‍ ഇബ്രാഹം അറിയിച്ചു. 2008ല്‍ ഇത് 44.5 ശതമാനം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി വലിയ തോതില്‍ വോട്ടെടുപ്പ് നടന്നതായാണ് പാക്കിസ്ഥാന്‍ വിലയിരുത്തുന്നത്. ഭരണ കക്ഷിയായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് (പിപിപി) കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടി പ്രതിനിധിയായ മുന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് റാവല്‍പിണ്ടി മണ്ഡലത്തില്‍ പിന്നിലാണ്. പാര്‍ട്ടിയുടെ മറ്റു പല പ്രമുഖകരും പിന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. തടവില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തെരഞ്ഞെടുപ്പ് ഫലത്തെ അപലപിച്ചു. തന്നെ മത്സരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നുമാകുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍