യെഡിയൂരപ്പ രാജി വയ്‌ക്കില്ലെന്നു വി.എസ്‌.ആചാര്യ

November 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

വി.എസ്‌.ആചാര്യ

ന്യൂഡല്‍ഹി: ഭൂമിവിവാദത്തില്‍ ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെഡിയൂരപ്പയുടെ രാജി സംബന്ധിച്ച്‌ അനിശ്‌ചിതത്വം തുടരുന്നു. യെഡിയൂരപ്പ രാജി വയ്‌ക്കില്ലെന്ന്‌ കര്‍ണാടക മെഡിക്കല്‍ ,വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.എസ്‌.ആചാര്യ വ്യക്‌തമാക്കി. ഇന്നു 11 മണിക്കു മുമ്പ്‌ രാജി സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്‌ കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇതുവരെ അതിനു തയാറായിട്ടില്ല. രാവിലെ യെഡിയൂരപ്പയ്‌ക്കു പകരം ആചാര്യയാണു ഡല്‍ഹിയില്‍ എത്തിയത്‌. കര്‍ണാടകയിലെ ഇപ്പോഴുള്ള പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും അതിനായി താനും യെഡിയൂരപ്പയും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും ആചാര്യ പറഞ്ഞു.ഇന്നു വൈകുന്നേരം യെഡിയൂരപ്പ ഡല്‍ഹിയില്‍ എത്തുമെന്നാണു സൂചന.
യെഡിയൂരപ്പ സ്‌ഥാനം ഒഴിഞ്ഞാല്‍ ബിജെപിയുടെ അഖിലേന്ത്യാ സെക്രട്ടറി അനന്ത്‌്‌ കുമാര്‍, മന്ത്രിമാരായ എസ്‌. സുരേഷ്‌ കുമാര്‍, വി.എസ്‌. ആചാര്യ, ആഭ്യന്തരമന്ത്രി ആര്‍. അശോക്‌, എന്നിവരെയാണു മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കേന്ദ്രനേതൃത്വം പരിഗണിക്കുന്ന പ്രധാനപ്പെട്ട പേരുകള്‍. സുരേഷ്‌ കുമാറിനാണു യെഡിയൂരപ്പ പരിഗണന നല്‍കുന്നത്‌. നിലവില്‍ മന്ത്രിസഭയില്‍ അംഗവും മുഖ്യമന്ത്രി വിരുദ്ധ ചേരിയിലെ അംഗമല്ലാത്തതുമാണ്‌ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സുരേഷ്‌ കുമാറിനെ നിര്‍ദേശിക്കാനുള്ള പ്രധാന കാരണം. റെഡ്‌ഢി സഹോദരന്‍മാരുടെ പിന്തുണയുള്ള അനന്ത്‌്‌ കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ യെഡിയൂരപ്പക്കുള്ള എതിര്‍പ്പ്‌ കേന്ദ്ര നേതൃത്വത്തെ ഇതിനകം അറിയിച്ചിട്ടുമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം