ലൂബ്രിക്കന്റ് ഓയില്‍ : നികുതിവെട്ടിപ്പു തടയാന്‍ നടപടി – ധനമന്ത്രി കെ.എം. മാണി

May 15, 2013 കേരളം

തിരുവനന്തപുരം: ‘ഇന്‍ഡസ്ട്രിയല്‍ ഇന്‍പുട്ട്’ എന്ന പേരില്‍ ലൂബ്രിക്കന്റ് ഓയില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് നികുതിവെട്ടിപ്പു നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി വ്യക്തമാക്കി. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിന് ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്കിയതായും അദ്ദേഹം അറിയിച്ചു. നികുതിദായകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ മറുപടി നല്കുന്ന ‘ധനമന്ത്രി കണ്‍മുന്‍പില്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിജ്യനികുതി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് അനിവാര്യമാണെന്ന് മന്ത്രി അറിയിച്ചു. 2013-14 ലെ ബജറ്റ് പ്രഖ്യാപനപ്രകാരം പുതിയ വ്യാപാരികള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. നിലവില്‍ കേസുകള്‍ ഇല്ലാത്ത വ്യാപാരികള്‍ സെപ്റ്റംബര്‍ 30 നകം സ്വമേധയാ രജിസ്‌ട്രേഷന് അപേക്ഷിക്കുകയാണെങ്കില്‍ മുന്‍കാലങ്ങളിലെ നികുതി, പെനാല്‍റ്റി എന്നിവ ഈടാക്കുന്നതല്ല. ഈ ആനുകൂല്യം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ 2013 ഒക്‌ടോബര്‍ മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. സ്ട്രീറ്റ് സര്‍വെ നടത്തുന്ന അവസരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഉളള വ്യാപാരികളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ടിന്‍ (TIN) പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരെങ്കിലും ‘ടിന്‍’ ദുരുപയോഗപ്പെടുത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കുന്നതിനുള്ള കാലാവധി രണ്ടു മാസമാണ്. എങ്കിലും അനിവാര്യമായിവരുന്ന സാഹചര്യങ്ങളില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയോടെ രണ്ടുമാസത്തിനു ശേഷവും റിട്ടേണ്‍ പുതുക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. അനുമാന നികുതി പ്രകാരം നികുതി നല്കുന്ന വ്യാപാരികളുടെ കണക്കില്‍പ്പെടാത്ത പര്‍ചേസ് കണ്ടുപിടിക്കപ്പെട്ടാല്‍ അതിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകുന്നതല്ല എന്ന് മന്ത്രി വ്യക്തമാക്കി. വാണിജ്യ നികുതി വകുപ്പ് പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍ മലയാളത്തിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം