ശബരിപാത – പുതിയ അലൈന്‍മെന്റ് അംഗീകരിച്ചു

May 15, 2013 കേരളം

തിരുവനന്തപുരം: റയില്‍പാതയ്ക്കായി നെല്ലാപ്പാറ മുതല്‍ എരുമേലിയിലെത്തുന്ന പുതിയ അലൈന്‍മെന്റിന് അംഗീകാരം നല്‍കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പുതിയ അലൈന്‍മെന്റനുസരിച്ച് 171 ഹെക്ടര്‍ സ്ഥലം പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരും.

109 വീടുകളും മൂന്ന് കടകളും ഒഴിപ്പിച്ചാല്‍ പാത യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന നേട്ടവുമുണ്ട്. നേരത്തേയുള്ള അലൈന്‍മെന്റ് പ്രകാരം 854 വീടുകള്‍ നഷ്ടപ്പെടുമായിരുന്നിടത്താണിത്. മുന്‍പുള്ളതിനേക്കാള്‍ ദൂരം 20 കിലോമീറ്ററോളം കുറയ്ക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. പാല, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലായി മൂന്ന് റയില്‍വേ സ്റ്റേഷനുകളും പുതിയ രൂപരേഖയില്‍ വിഭാവനം ചെയ്യുന്നു. കീഴമ്പാറ ദീപ്തി ഭാഗത്ത് വീടുകളുടെ നഷ്ടം പരമാവധി കുറയ്ക്കാനാവുന്ന തരത്തില്‍ അലൈന്‍മെന്റില്‍ ചെറിയ മാറ്റം വരുത്താനാകുമോ എന്ന കാര്യം പരിഗണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നടപടികള്‍ ലഘൂകരിച്ച് എത്രയും വേഗം പാത യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മന്ത്രിമാരായ കെ.എം.മാണി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, ജോസ് കെ.മാണി എം.പി., നിയമസഭ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, എം.എല്‍.എമാരായ ആന്റോ ആന്റണി, എന്‍.ജയരാജന്‍, ജോസ് തെറ്റയില്‍, ടി.യു.കുരുവിള, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ്, കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം