കുടുക്കിയത് ജിജുവെന്ന് ശ്രീശാന്ത്

May 17, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത് ആവര്‍ത്തിച്ചതായാണ് വിവരം. തന്നെ കുടുക്കിയത് സുഹൃത്ത് ജിജു ജനാര്‍ദനനാണെന്നും ശ്രീശാന്ത് മൊഴി നല്‍കിയതായാണ് സൂചന. അതിനിടെ ഇന്നലെ പല ചോദ്യങ്ങളോടും പ്രതികരിക്കാതിരുന്ന ശ്രീശാന്ത് ഇന്ന് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരവസരത്തില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജിവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍