ബാബയുടെ അനുഗ്രഹം തേടി യെദിയൂരപ്പ പുട്ടപര്‍ത്തിയില്‍

November 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്‌ളൂര്‍/പുട്ടപര്‍ത്തി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പ സത്യസായി ബാബയുടെ 85-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും, അനുഗ്രഹം തേടാനും പുട്ടപര്‍ത്തിയിലേക്ക്‌ പോയി. എന്നാല്‍ യെദിയൂരപ്പയുടെ ഡല്‍ഹി സന്ദര്‍ശനം സംബന്ധിച്ച്‌ ഔദ്യോഗിക വിവരമൊന്നും ഇതുവരെയില്ലെന്ന്‌ അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
യെദിയൂരപ്പയെ മാറ്റാന്‍ ഇന്നലെ ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തില്‍ ധാരണയായിരുന്നു. യെദിയൂരപ്പയുടെ ഭാവി തീരുമാനിക്കാന്‍ യോഗം തന്നെ ചുമതലപ്പെടുത്തിയതായി ബി.ജെ.പി ദേശീയ പ്രസിഡന്റ്‌ നിതിന്‍ ഗഡ്‌കരി പിന്നീട്‌ മാദ്ധ്യമങ്ങളെ അറിയിച്ചു. തീരുമാനമെടുക്കുംമുമ്പ്‌ ഒരുവട്ടംകൂടി ചര്‍ച്ചയ്‌ക്ക്‌ യെദിയൂരപ്പയെ ഡല്‍ഹിയിലേക്ക്‌ വിളിച്ചിട്ടുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിക്കൊണ്ട്‌ യെദിയൂരപ്പ ഇപ്പോഴും കടുത്ത നിലപാടിലാണ്‌. തനിക്ക്‌ പത്തോ ഇരുപതോ പേരുടെയല്ല, 110-120 എം.എല്‍.എമാരുടെ പിന്തുണയാണുള്ളതെന്നും തന്നെ മാറ്റാനാവില്ലെന്നുമാണ്‌ ഇന്നലെ അദ്ദേഹം ഇവിടെ പറഞ്ഞത്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചില മന്ത്രിമാരുള്‍പ്പെടെയുള്ള വിശ്വസ്‌തരുമായി കൂടിയാലോചിച്ച ശേഷമാണ്‌ യെദിയൂരപ്പ ഈ അവകാശവാദം ഉന്നയിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം