ഐപിഎല്‍ കോഴവിവാദം അന്വേഷിക്കാന്‍ ബിസിസിഐ കമ്മീഷനെ നിയോഗിച്ചു

May 19, 2013 ദേശീയം

ചെന്നൈ: ഐപിഎല്‍ താരങ്ങളുമായി ബന്ധപ്പെട്ട കോഴവിവാദം അന്വേഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കമ്മീഷനെ നിയോഗിച്ചു. രവി സവാനി അധ്യക്ഷനായുള്ള സമിതിയെയാണ് ബോര്‍ഡ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ വാതുവയ്പ്പൂമായി ബന്ധപ്പെട്ട് ആരോപണവിധേയരായ താരങ്ങള്‍ക്ക് തല്‍ക്കാലം ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. ബിസിസിഐ യോഗത്തിന് ശേഷം അധ്യക്ഷന്‍ എന്‍.ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. വാതുവയ്പ്പുകാരെ നിയന്ത്രിക്കുന്നതില്‍ ബിസിസിഐക്ക് പരിമിധിയുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ തുടര്‍നടപടിയുണ്ടാവും. എല്ലാ ടീമുകള്‍ക്കുമൊപ്പം അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും. അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥന്‍ മുഖേന മാത്രമേ ഇനി കളിക്കാരെ കാണാന്‍ കഴിയൂ. ഐപിഎല്ലിലെ എല്ലാ താരങ്ങളെയും കര്‍ശനമായി നിരീക്ഷിക്കും. വാതുവയ്പ്പില്‍ കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. താരങ്ങള്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കും. ബിസിസിഐ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാതുവയ്പ്പുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ബിസിസിഐയ്ക്ക് അധികാരമില്ല. അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കും. ബിസിസിഐ സ്വകാര്യ സംഘടനയാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ചോദ്യത്തിന് മറുപടിയായി ശ്രീനിവാസന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം