ദുര്‍ബലവിഭാഗക്കാര്‍ക്കു പ്രത്യേക പരിഗണന: രാഹുല്‍ ഗാന്ധി

May 19, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ദുര്‍ബലവിഭാഗക്കാര്‍ക്കു പ്രത്യേക പരിഗണന നല്കുമെന്നും അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയമാണു കോണ്‍ഗ്രസിന്റേതെന്നും എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരളയാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാബില്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ അട്ടിമറിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്.  എന്നാല്‍, ബില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രം സഹായിക്കും രാഹുല്‍ പറഞ്ഞു.

അടിസ്ഥാനസൗകര്യ മേഖലയിലും ഉന്നതവിദ്യാഭ്യാസരംഗത്തും കേരളം കൂടുതല്‍ ഊന്നല്‍ നല്‍കണം. ലോകോത്തര നിലവാരം കണ്ടെത്താന്‍ കേരളത്തിനു കഴിയണം. കേരളത്തില്‍ കോളജുകള്‍ക്കു സ്വയംഭരണം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയില്‍നിന്നു മനസിലാക്കാന്‍ സാധിച്ചു. ഇതു സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്.

ജനങ്ങളുമായി നേരിട്ട് ഇടപഴകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമയം കണ്ടെത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തിനു പുതിയ ദിശാബോധം നല്‍കാന്‍ ഇതുവഴി സാധിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികളുടെ കാര്യത്തിലുള്ള മുന്നേറ്റത്തില്‍ സര്‍ക്കാരിനെ രാഹുല്‍ അഭിനന്ദിച്ചു. കേരളയാത്രയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും അദ്ദേഹം അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍