ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ – 18

May 20, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

അനാത്മരൂപങ്ങളായ പഞ്ചകോശങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആത്മാവിനെ അതില്‍നിന്നു മോചിപ്പിച്ചെടുക്കുന്ന കാര്യമാണ് പ്രകൃതദൃഷ്ടാന്തം വ്യക്തമാക്കുന്നത്.

മുഞ്ജാദിഷീകാമിവ ദൃശ്യവര്‍ഗ്ഗാത്
(വിവേകചൂഡാമണി 153)

മുഞ്ഞപ്പുല്ലിന്റെ മദ്ധ്യഭാഗത്തുനിന്ന് അതിന്റെ ഇളംനാമ്പ് ഊരിയെടുക്കുന്നതുപോലെ.

അന്തര്യാമിയായ ആത്മാവ് സ്വതേനിഷ്‌ക്രിയമാണ്. ഇത് അനാത്മസമൂഹത്താല്‍ ചുറ്റപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ ഇതിനെ അനാത്മസമൂഹത്തില്‍നിന്നു വേര്‍തിരിച്ച് അറിയേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ഒരു വിവിക്തജ്ഞാനം മാത്രമേ സംസാരദുഃഖത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്ക്കാന്‍ സഹായിക്കുകയുള്ളൂ. അസംഗനാണ് ഈ ആത്മാവ്; അതേ സമയം സര്‍വസാക്ഷിയും. ഈ ആത്മാവ് അംഗുഷ്ഠമാത്രനായി സര്‍വരുടെയും ഹൃദയത്തിലുണ്ട്. കാമക്രോധമദമത്സരാദികളുടെ അഹംബുദ്ധിയില്‍ മറഞ്ഞിരിക്കുന്നുവെന്നു മാത്രം; സര്‍വദാ ഉണ്ടെങ്കിലും ഇല്ല എന്ന നിലയില്‍. ഈ മറ പഞ്ചകോശജന്യമാണെന്നതാണ് സത്യം. ഈ മറയെ ഉല്ലംഘിച്ചുവേണം അവയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആത്മജ്ഞാനം സ്വായത്തമാക്കാന്‍. ഈ ആത്മബോധം കൃഛ്ര സാദ്ധ്യമാണെന്നും അത്യന്തം കരുതലോടെ നിര്‍വഹിക്കേണ്ടതാണെന്നുമാണ് പ്രകൃതദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വെളിവാക്കിത്തരുന്നത്. മുഞ്ഞപ്പുല്ല് അല്ലെങ്കില്‍ കോന്തപ്പുല്ല് ഈ ഭാഗത്ത് സാധാരണമാണ്. ഇതിന്റെ ഇലയ്ക്ക് രണ്ടരയടിയോളം നീളമുണ്ട്. വീതി നന്നേ കുറവാണ്. ദൃഢതയില്ലാത്ത ഒരു പുല്‍വടി എന്നു വേണമെങ്കില്‍ ഇതിനെ വ്യവഹരിക്കാം. ഇതിന്റെ അഗ്രഭാഗം മുള്ളുപോലെ കൂര്‍ത്തതും താരതമ്യേന ദൃഢവുമാണ്. പാര്‍ശ്വങ്ങള്‍ക്ക് അരത്തിന്റെ സ്വഭാവമുണ്ട്. പൂര്‍ണ്ണമായി വിടര്‍ന്നുകഴിഞ്ഞ ഇലകള്‍ അതിന്റെ മൂട്ടില്‍നിന്ന് ഉദ്ദേശം ഇരുപതു ഡിഗ്രി ചെരിഞ്ഞ് പാര്‍ശ്വങ്ങളിലേക്കു നീണ്ടിരിക്കും. ഏറ്റവും പ്രായം കുറഞ്ഞ ഇളംനാമ്പ് പുല്ലിന്റെ ഒത്തനടുക്കായിരിക്കും സ്ഥിതിചെയ്യുക.

പൂര്‍ണ്ണമായി വിരിഞ്ഞിട്ടില്ലാത്ത ഇളംനാമ്പാകയാല്‍ ഇതിന്റെ പാര്‍ശ്വങ്ങളിലും മുകള്‍ഭാഗത്തും ഒന്നും മുള്ളിന്റെ സ്വഭാവം കാണുകയില്ല. ഇതിനെ നേരെ മുകളിലോട്ടു വലിച്ചാല്‍ അത് പുല്ലിന്റെ ഉള്‍ഭാഗത്തുനിന്നു വേര്‍പ്പെട്ടുവരും. ഒരു കൗതുകമെന്നോണം ചിലപ്പോള്‍ ആളുകള്‍ ഇതു ചെയ്യാറുള്ളതാണ് ശ്രീശങ്കരന്‍ ഇതിനെ ദൃഷ്ടാന്തമായി കണ്ടെത്താന്‍ കാരണം. ഇപ്രകാരം ഇളംനാമ്പ് പിഴുതെടുക്കുന്നതിന് അവധാനതയുടെ ആവശ്യമുണ്ട്. മുള്ളന്‍പന്നി മുള്ളുവിരിച്ചു നില്ക്കുന്നതുപോലെയാണ് ചുറ്റുപാടും വിരിഞ്ഞുനില്ക്കുന്ന ഇതിന്റെ മുറ്റിയ ഇലകള്‍. അതിന്റെ ഒത്തനടു ഭാഗത്തുനിന്ന് ഇളംനാമ്പ് പിഴുതെടുക്കുമ്പോള്‍ സ്വാഭാവികമായും പാര്‍ശ്വത്തിലുള്ള ഇലകളുടെ കൂര്‍ത്ത അഗ്രത്തില്‍ സ്പര്‍ശിക്കാന്‍ ഇടയുണ്ട്. അതു കൈയ്ക്കു മുറിവുണ്ടാക്കിയെന്നുവരാം. ഈ കൂര്‍ത്ത ഇലകളില്‍ കൈ തട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇളം നാമ്പിനെ മുകളിലോട്ടു വലിക്കുന്നതില്‍ ഒരു ചെരിവോ വളവോ സംഭവിക്കാം. അപ്രകാരം സംഭവിച്ചാല്‍ നാമ്പ് ഇടയ്ക്കുവച്ച് മുറിഞ്ഞുമാത്രമേ കൈയില്‍ വരുകയുള്ളൂ. അപ്പോള്‍ നാമ്പ് സൂക്ഷ്മമായി ഊരിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായി. അതിനാല്‍ പാര്‍ശ്വങ്ങളിലുള്ള മുറ്റിയ കൂര്‍ത്ത ഇലകളില്‍ കൈ തട്ടാതെ കൈ ഉള്ളിലേക്കു കടത്തി ഇളംതളിരിനെ മുകളിലേക്കു വലിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ചെയ്യാവുന്ന ഒരു പ്രവൃത്തിക്കു ശക്തമായ ഒരു തടസ്സമാണ് മുറ്റിയ ഇലകള്‍. സൂക്ഷ്മതയും കൗശലവും കൈമുതലുള്ളവര്‍ക്കേ ഇത് സാദ്ധ്യമാവുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം