കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

May 22, 2013 കേരളം

കൊണ്ടോട്ടി: മസ്കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇയാള്‍ക്ക് മതിയായ പരിരക്ഷ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്കറ്റിലേക്ക് പോകാനെത്തിയ കണ്ണൂര്‍ പാപ്പനശേരി സ്വദേശി ഹംസക്കുട്ടി (48) ആണ് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. എന്നാല്‍ വിമാനത്താവള ജീവനക്കാര്‍ ഇയാള്‍ക്ക് മതിയായ പരിചരണം നല്‍കിയില്ലെന്നും ഏറെ നേരം ടെര്‍മിനിനുള്ളില്‍ ഇയാള്‍ കിടന്നുവെന്നും സഹയാത്രികരും ബന്ധുക്കളും ആരോപിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ടാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. മക്കളടക്കമുള്ളവര്‍ ഇയാളെ യാത്രയയക്കാനായി വിമാനത്താവളത്തില്‍ ഏത്തിയിരുന്നു. മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി. യഥാസമയം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം