അഴിമതി ഭരണ ദൗര്‍ബല്യമെന്ന് പ്രധാനമന്ത്രി

May 23, 2013 ദേശീയം

manmohan_singh_200906137ന്യൂഡല്‍ഹി: 2ജി, കല്‍ക്കരിപ്പാടം അഴിമതികളില്‍ കുറ്റക്കാരായവരെ തക്കതായ ശിക്ഷ ഉറപ്പാക്കും. അഴിമതി ഭരണ ദൗര്‍ബല്യമാണ് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. എന്നാല്‍ അഴിമതി ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല.  സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി കൊണ്ടാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

വിണ്ടും അധികാരത്തിലെത്തിയാല്‍ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാക്കും. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് താല്‍ക്കാലികമാണ്. ഈ സാഹചര്യം മാറും. പണപ്പെരുപ്പം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാനാണ് യുപിഎ സര്‍ക്കാരിന്റെ ശ്രമമെന്നും മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യപോലെ വൃസ്തൃതിയുള്ള രാജ്യത്ത് ഭരണനിര്‍വ്വഹണത്തില്‍ നിലവാരം പുലര്‍ത്തുക എന്നത് വെല്ലുവിളിയാണ്. ഭരണനിര്‍വ്വഹണത്തില്‍ നിലവാരം പുലര്‍ത്താന്‍ മറ്റ് ഏത് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ യുപിഎക്ക് കഴിഞ്ഞിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യവും പ്രതികരണ ശേഷിയുള്ള പൊതുസമൂഹവുമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. എന്നാല്‍ പലപ്പോഴും മാധ്യമങ്ങളും പൊതുസമൂഹവും  തീരുമാനങ്ങള്‍ എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവരുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ നേതൃത്വം നല്‍കുന്നത് ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം