കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി: പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

May 24, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കേരളത്തിലെ കോണ്‍ഗ്രസില്‍ പരസ്യമായ പൊട്ടിത്തെറിയിലെത്തിയ സാഹചര്യത്തില്‍ നിയന്ത്രണവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തി. നേതാക്കള്‍ പരസ്യമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താന്‍ ഗൌരവമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്യപ്രസ്താവനകള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കണമെന്ന എ.കെ ആന്റണിയുടെ നിലപാടാണ് പാര്‍ട്ടി കേന്ദ്രനേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. പ്രശ്നം തീര്‍ക്കാന്‍ തല്‍ക്കാലം സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കില്ല. കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തേക്കും എത്തില്ല. ഇവിടെ തന്നെ വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്. അഹമ്മദ് പട്ടേല്‍ വഴിയായിരിക്കും ആശയവിനിമയം നടത്തുക. ദിവസങ്ങളായി നടക്കുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെപ്പോലും മോശമാക്കുന്ന തരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.

മന്ത്രിസഭാപ്രവേശനത്തിന് തയാറായ ചെന്നിത്തലയ്ക്ക് ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്ന് പരസ്യമായി അറിയിച്ചിരുന്ന മുഖ്യമന്ത്രി പക്ഷെ ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകള്‍ വിട്ടുനല്‍കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഇടഞ്ഞ ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെന്നിത്തലയെ അപമാനിച്ചതില്‍ പ്രകോപിതരായ ഐ ഗ്രൂപ്പ് അവശേഷിക്കുന്ന രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇതിനിടെ നേതാക്കന്‍മാര്‍ പരസ്പരം പ്രസ്താവനകളുമായി കൊമ്പുകോര്‍ത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ സാഹചര്യത്തിലാണ് പരസ്യപ്രസ്താവനകള്‍ ഹൈക്കമാന്‍ഡ് വിലക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍