രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള ജൂണ്‍ ഏഴിന് തുടങ്ങും

May 25, 2013 കേരളം

തിരുവനന്തപുരം:  ആറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചിത്രമേളയ്ക്ക് ജൂണ്‍ ഏഴിന് തിരുവനന്തപുരത്ത് തുടക്കമാകും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, നിള, ശ്രീ തീയേറ്ററുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ലോക ഡോക്യുമെന്ററി ചിത്ര നിര്‍മ്മാണത്തിന്റെ വികാസ പരിണാമങ്ങളിലൂടെ കടന്നുപോകുന്ന പ്രത്യേക പാക്കേജ് മേളയിലുണ്ട്. ഇതില്‍ ആഗ്നെസ് വെര്‍ദ, അലന്റെനെ, വെര്‍ട്ടോവ്, ഫ്‌ളാഹര്‍ട്ടി, സുഖദേവ് എന്നിവരുടെ രചനകള്‍ ഉള്‍പ്പെടും. പ്രസിദ്ധ സംവിധായകന്‍ നോയല്‍ ബര്‍ച്ചിലിന്റെ ഫൊര്‍ഗോട്ടണ്‍ സ്‌പെയ്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം മേളയിലുണ്ടാകും. ഈ വര്‍ഷം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ 5 ബ്രോക്കണ്‍ ക്യാമറാസ്, ലാസ്റ്റ് ഷെപ്പേര്‍ഡ് എന്നിവയും പ്രദര്‍ശനത്തിനുണ്ട്. ഫോക്കസ് വിഭാഗത്തില്‍ ദീപ ധനരാജിന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പരിസ്ഥിതി ചിത്രങ്ങളുമായി മൈക്പാണ്ഡെ മേളയ്ക്ക് എത്തുന്നുണ്ട്. 800 ചിത്രങ്ങളില്‍ നിന്നാണ് 66 മത്സരചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഹ്രസ്വചിത്രം, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലേയ്ക്ക് മൂന്ന് വ്യത്യസ്ത ജൂറികളാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് മത്സരമുള്ളത്. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 100 ല്‍ അധികം ചലച്ചിത്രകാരന്‍മാര്‍ അതിഥികളായി എത്തും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം