ശ്രീ ഗുരുപാദപൂജ

May 25, 2013 സനാതനം

GS_sliderശ്രീ നീലകണ്ഠ വിശ്വഗുരോ മഹാപ്രഭോ
തവ ചരണം നിത്യം മമ ശരണം
സാത്വിക സന്ന്യാസ മൂര്‍ത്ത രൂപമേ
ആത്മാരാമനാം ശ്രീ ഹനുമദ് ഭാവമേ

ലോകമൊന്നാകെ ഏക കുടുംബം
എന്നാകും ശാന്തി സന്ദേശത്തിനായ്
നിത്യശുദ്ധമാം തന്‍ ജീവിതമാകെ
സമര്‍പണമേകീ നീ കൃപാവാരിധേ

വേളിമലയിലും മഠവൂര്‍ ഗുഹയിലും
കഠിനതപം ചെയ്യും നാളുകളില്‍
ആത്മാന്വേഷണവീഥിയിലൂടെ
പരമമാം ഉണ്‍മയെ പുല്‍കി

നീകാമക്രോധാദി സമസ്ത ദോഷങ്ങളും
ശ്രീരാമനാമ തീര്‍ത്ഥകണങ്ങളാല്‍
നിര്‍മുക്തമാക്കി നിത്യാനന്ദനായ് വാഴ്കവേ
ശ്രീ സത്യാനന്ദനെ ശിഷ്യനുമാക്കി നീ.

ശ്രീരാമദാസ ഭാവേനയുള്ള നിന്‍
തിരുവാരാധന നയനാനന്ദം, പ്രഭോ
കര്‍പ്പൂരത്തട്ടവുമായ് തിരുനടനം ചെയ്യവേ
താവക മുഖകാന്തി സൂര്യോപമം.

കരുണാമയനാം നിന്നുടെ സവിധം
അശരണര്‍ക്കാനന്ദ സന്നിധാനം
നിന്‍തൃപ്പാദത്തില്‍ വീഴും സലിലം
പാവനതീര്‍ത്ഥമായ് പരിണമിപ്പൂ

നിന്‍തൃക്കയ്യാലേകിയ നൈവേദ്യം
അമൃതായ് ഭുജിച്ചോരു ഭക്തര്‍ക്കെല്ലാം
സംസാരമാം ദുഃഖസാഗരം താണ്ടുവാന്‍
വിഘ്‌നങ്ങളെള്ളോളം ഭവിച്ചില്ലല്ലോ.

പരിപാവനമാം നിന്‍ദിവ്യലീലകള്‍
വര്‍ണിപ്പാനെളുതല്ല മാലോകര്‍ക്ക്
താവകാനുഗ്രഹ സുഗന്ധവിഭൂതിയാല്‍
നിത്യവുമീയെന്നില്‍ കൃപചൊരിയൂ

നിദ്രയെപ്പോലും ഉല്ലംഘിച്ചൊരു
ഗുഡാകേശനാം ഗുരുനാഥാ
ഇനിയൊരു ജന്മം വീണ്ടുമടിയനെ
നിന്‍ പ്രിയഭക്തനാകാനനുഗ്രഹിക്കൂ.

– ദിനേഷ് മാവുങ്കാല്‍
(ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 48-ാം മഹാസമാധി ദിനത്തില്‍ സമര്‍പ്പിച്ചത്.)

 

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം