മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി : സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം നാളെ

May 27, 2013 കേരളം

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം നാളെ (മെയ് 28) മൂന്നുമണിക്ക് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഒ.എന്‍.വി.കുറുപ്പ്, എം.മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭാഷയ്ക്ക് ലഭിച്ച അപൂര്‍വ്വ അംഗീകാരം ഓര്‍മ്മിക്കപ്പെടാനും ഭാഷയെ കൂടുതല്‍ സജീവതയിലേക്കും പുരോഗതിയിലേക്കും നയിക്കാനും ഉതകുന്ന പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് യോഗത്തിന്റെ ഉദ്ദേശ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. യുവതലമുറയില്‍ മാതൃഭാഷാബോധവും ഭാഷാഭിമാനവും സൃഷ്ടിക്കുക, വൈജ്ഞാനിക രംഗത്തും കലാസാഹിത്യ രംഗത്തും ഉണ്ടാകുന്ന ഏറ്റവും പുതിയ പ്രവണതകള്‍വരെ ആവിഷ്‌കരിക്കാന്‍ കഴിയുന്ന രീതിയില്‍ ഭാഷയെ വികസിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും മലയാളപഠനം പ്രോത്സാഹിപ്പിക്കുക, മലയാള കൃതികള്‍ കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുവാനുള്ള ഭൗതിക സാഹചര്യം ഒരുക്കുക, മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം