ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ.എം.മാണി

May 29, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ.എം.മാണി. എന്നാല്‍ തീരുമാനം മുന്നണിയിലാണ് എടുക്കേണ്ടത്. കേരളാ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ശക്തി അനുസരിച്ച് കൂടുതല്‍ സീറ്റുകളും പദവികളുമെല്ലാം അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ പാര്‍ട്ടികള്‍ക്കിടയില്‍ വീതം വയ്ക്കുമ്പോള്‍ അര്‍ഹിക്കുന്ന പലതും ലഭിച്ചെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും മാണി വ്യക്തമാക്കി. ചീഫ് വിപ്പ് അദ്ദേഹത്തിന്റെ വ്യക്തപരമായ അഭിപ്രായമാകാം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നിലപാട് പറയന്നത് ചെയര്‍മാനാണെന്നും അതു കണക്കിലെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസില്‍ ആരുടെയും നാവ് കെട്ടിയിട്ടിട്ടില്ല. പലര്‍ക്കും പല അഭിപ്രായങ്ങള്‍ കാണും. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ പറയുന്നതു മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരെ വിരട്ടി ഓടിക്കുന്ന വികസന വിരുദ്ധ നയമാണ് സിപിഎം അനുവര്‍ത്തിക്കുന്നതെന്നും മാണി ആരോപിച്ചു. സംസ്ഥാനത്തിന് വിനാശകരമായ ഈ നിലപാട് അവര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂസഫലിക്ക് സ്ഥലം നല്‍കുന്നതു സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തത് ഇടുതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത് ആശാസ്യമല്ലെന്നും മാണി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍