മലയാളഭാഷയുടെ സാധ്യതകള്‍ അനന്തം : മുഖ്യമന്ത്രി

May 29, 2013 കേരളം

തിരുവനന്തപുരം: മലയാള ഭാഷയുടെ സാദ്ധ്യതകള്‍ അനന്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ തയ്യാറാക്കിയ കണ്ണശ്ശ രാമായണം പഠനവും വ്യാഖ്യാനവും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ബഹുഭാഷാപണ്ഡിതന്‍ ആര്‍.ഇ.ആഷര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രേഷ്ഠഭാഷാ പദവികൊണ്ടുമാത്രം മലയാള ഭാഷ ഉയര്‍ത്തപ്പെടില്ല. മലയാളത്തിന്റെ യശസ് ഇനിയുമേറെ ഉയരേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുശ്ശേരിയുടെ ഉദ്യമം തിര്‍ത്തും പ്രശംസനീയമാണ്. സ്വാതന്ത്രവും മൗലികവുമാണ് കണ്ണശ്ശ രാമായണം. അങ്ങനെയുള്ള ഒരു കൃതിയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന വിലപ്പെട്ട നിധിയാണ് മലയാളത്തിന് പുതുശ്ശേരി സമ്മാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ആര്‍.ഇ.ആഷറെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.പുതുശ്ശേരി രാമചന്ദ്രനെ സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് പൊന്നാടയണിച്ചു. ഔന്നത്യം ഒന്നുകൊണ്ടുമാത്രം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാന്‍ യോഗ്യതയുള്ള ഭാഷയാണ് മലയാളമെന്ന് മന്ത്രി പറഞ്ഞു.ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സന്ദര്‍ഭത്തില്‍ തന്നെ ആഷറെ ആദരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കണ്ണശ്ശരാമായണം പഠനവും വ്യാഖ്യാനവും മലയാളത്തില്‍ ആദ്യത്തെ സംരംഭമാണെന്ന്‌ഡോ.ആര്‍.ഇ.ആഷര്‍ പറഞ്ഞു. മലയാളം സര്‍വകലാശാലയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്രവാളകാലത്താണ് സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രോജ്ജ്വല പ്രതീകമായി കണ്ണശ്ശരാമായണം അവതരിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. എഴുത്തച്ഛന്റെ ഭാഷയ്ക്ക് ചാലകശക്തിയായി വര്‍ത്തിച്ചത് കണ്ണശ്ശ കൃതികളാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, ഡോ.ബി.രാമകൃഷ്ണറെഡ്ഡി, ഡോ.എം.ശ്രീനാഥന്‍, ഡോ.രവിശങ്കര്‍ എസ്.നായര്‍, ഡോ.എസ്.കെ.ഷാനവാസ്, പി.ശ്രീകുമാര്‍, എന്‍.ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം