പ്രീ പ്രൈമറി അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

May 29, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 45 ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല.

പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടവര്‍ യോഗ്യത പരീക്ഷ ജയിച്ചാല്‍ മതിയാകും. ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് രണ്ട് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന യുവജനോത്സവത്തില്‍ സംഗീതം, നൃത്തം, നാടകം ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും സ്‌പോര്‍ട്‌സ്, ഗെയിംസ്, എന്‍.സി.സി., സ്‌കൗട്ട് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് വെയിറ്റേജ് മാര്‍ക്കും ലഭിക്കും. പ്രായപരിധി 2013 ജൂണ്‍ ഒന്നിന് 17 നും 33 നും മദ്ധ്യേ. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കും ഒ.ബി.സി.ക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. എന്‍.സി.ടി.ഇ. നിശ്ചയിച്ചിട്ടുള്ള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷന്‍. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ തിരുവനന്തപുരം ഗവണ്‍മെന്റ് പ്രീ-പ്രൈമറി ഇന്‍സ്റ്റിറ്റിയൂട്ടിലും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിലെ അപേക്ഷകര്‍ ആലപ്പുഴ ഗവണ്‍മെന്റ് പി.പി.ടി.ടി.ഐ.യിലും മറ്റ് ജില്ലകളിലെ അപേക്ഷകര്‍ കോഴിക്കോട് ഗവണ്‍മെന്റ് പി.പി.ടി.ടി.ഐയിലും അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍