മലയാള ഭാഷയുടെ സമഗ്രവികാസം ലക്ഷ്യമാക്കി നിയമം കൊണ്ടുവരും

May 29, 2013 കേരളം

തിരുവനന്തപുരം: മലയാളഭാഷയുടെ പുരോഗതിയും സമഗ്രവികാസവും ലക്ഷ്യമാക്കി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമായ സാഹചര്യത്തില്‍ തുടര്‍പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സാംസ്‌കാരിക നായകരുടെ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള ഭാഷയുടെ സര്‍വ്വതോമുഖമായ വികാസത്തിന് കര്‍മ്മപദ്ധതിയുണ്ടാവണം. ഭാഷയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്. ഏകോപനച്ചുമതല മലയാളം സര്‍വകലാശാല നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിലൂടെ ഏറെക്കാലമായി മലയാളികള്‍ ആഗ്രഹിച്ച നേട്ടമാണ് മലയാളത്തിന് കൈവന്നിരിക്കുന്നത്. ഇതിനുവേണ്ടി ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്നത്തെ ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കര്‍മ്മപദ്ധതി തയാറാക്കാന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇത് വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കി പരിപാടികള്‍ക്ക് രൂപം നല്‍കും. വരുന്ന ചിങ്ങമാസം ഒന്നാം തീയതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മഹത്വമാര്‍ന്ന മലയാളഭാഷയുടെ സന്ദേശമെത്തിച്ച് കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മലയാളത്തിന് തികച്ചും അര്‍ഹമായ ശ്രേഷ്ഠഭാഷാ പദവി ലഭിക്കാന്‍ വൈകിയത് ബന്ധപ്പെട്ടവരുടെ തെറ്റായ ചില നിഗമനങ്ങള്‍ കാരണമാണെന്ന് നേരത്തേ യോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിന്റെ വികാരമുള്‍ക്കൊണ്ട് നമുക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറായത് നേട്ടമായി. എ.കെ.ആന്റണിയുള്‍പ്പെടെയുള്ള നേതാക്കളും സാംസ്‌കാരിക നായകരും നല്‍കിയ പിന്തുണയും അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ്, വിദ്യാഭ്യാസവകുപ്പ്മന്ത്രി പി.കെ.അബ്ദുറബ്ബ്, പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, ആര്‍.ഇ.ആഷര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, കെ.എല്‍.മോഹനവര്‍മ്മ, ഡോ.പുതുശേരി രാമചന്ദ്രന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, കെ.ജയകുമാര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍, എം.ആര്‍.തമ്പാന്‍, തലേക്കുന്നില്‍ ബഷീര്‍, എം.എം.ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം