വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

May 30, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഴിഞ്ഞം ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ പ്ലാന്‍, പാരിസ്ഥിതിക പഠന, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തുറമുഖ മന്ത്രി കെ.ബാബുവില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.

18000 ടിഇയു കപ്പാസിറ്റിയുള്ള രണ്ടു കപ്പലുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ ആദ്യത്തെ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റിയെടുക്കും. കേരളത്തിലല്ലായിരുന്നുവെങ്കില്‍ 25 വര്‍ഷം മുന്‍പ് പൂര്‍ത്തിയാകേണ്ടതായിരുന്നു പദ്ധതി. തുറമുഖ പദ്ധതിയുടെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുവദിച്ചുകിട്ടിയിട്ടുള്ള ടേംസ് ഓഫ് റഫറന്‍സ് പ്രകാരം നടത്തിയ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനുള്ള പബ്ലിക് ഹിയറിങ് അടുത്ത മാസം 29ന് നടത്തും. പബ്ലിക് ഹിയറിങ്ങില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ജൂലൈ 29ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളെല്ലാം പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ പാലക്കാട്, മഞ്ചേരി, കോന്നി, ഇടുക്കി, തിരുവനന്തപുരം എന്നിവ നടപ്പായിക്കഴിഞ്ഞു. എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നുവന്ന സീപ്ലയിന്‍ പദ്ധതി ജൂണ്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ ജൂണ്‍ ഏഴിന് ഉദ്ഘാടനം ചെയ്യും. ഇത്തരത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ രണ്ടുകൊല്ലക്കാലം സര്‍ക്കാരിന് കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി 2014ല്‍ ലോഞ്ച് ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. കണ്ടൈയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ബിസിനസിന് പ്രാധാന്യം നല്‍കിയാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളിലായി തുറമുഖം വികസിപ്പിക്കും. പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള 140 കോടി രൂപയില്‍ 100 കോടി രൂപ സി.എസ്.ആറിന് വേണ്ടി വിനിയോഗിക്കും. ബാക്കി 40 കോടി പാരിസ്ഥിതിക ഉന്നമനത്തിനായും ചെലവഴിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ 500 മീറ്റര്‍ ഫിഷ്‌ലാന്റിങ് ബര്‍ത്ത് അധികമായി നിര്‍മിക്കും. അഞ്ച് കോടി രൂപ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പരിപാലനത്തിനും അഞ്ച് കോടി രൂപ സീഫുഡ് പാര്‍ക്കിനുമായാണ് നീക്കിവച്ചിരിക്കുന്നത്. മത്സ്യ-തുറമുഖ അനുബന്ധ പരിശീലനങ്ങള്‍ക്കായി 15 കോടി രൂപയും പദ്ധതി പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടിയും നീക്കിവച്ചിട്ടുണ്ട്. മുല്ലൂര്‍ സ്‌കൂള്‍ പുനരുദ്ധാരണത്തിനും സ്‌കോളര്‍ഷിപ്പ് വിതരണത്തിനുമായി 1.5 കോടി ആരോഗ്യപരിപാലനത്തിന് ഒരു കോടി, പാരമ്പര്യ ഊര്‍ജ സംരക്ഷണത്തിന് 10 കോടി, ചേരി നിര്‍മ്മാര്‍ജന-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 24.5 കോടി, നിലവിലുള്ള ഫിഷ്‌ലാന്റിങ് സെന്ററിനും ഹാര്‍ബറിനും അനുബന്ധമായുള്ള നിര്‍മാണത്തിന് 16 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബര്‍ത്ത്, 500 മീറ്റര്‍ വീതിയുള്ള കണ്ടൈനര്‍ യാര്‍ഡ്, 3180 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 300 മീറ്റര്‍ നീളത്തില്‍ ക്രൂയിസ് കം മള്‍ട്ടിപര്‍പ്പസ് കാര്‍ഗോ ബര്‍ത്ത്, നാവികസേനയ്ക്കായി 500 മീറ്റര്‍ നീളത്തിലും തീരസംരക്ഷണസേനയ്ക്കായി 120 മീറ്റര്‍ നീളത്തിനും ബര്‍ത്ത് സൗകര്യങ്ങള്‍, കണ്ടൈനര്‍ ട്രാഫിക് ഫോര്‍കാസ്റ്റ് 0.9 മില്യന്‍ ടി.ഇ.യു. എന്നിവയാണ് നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍