പുകയില ഉത്പന്ന പരസ്യങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നീക്കണം

May 31, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പുകയിലയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പു ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പുകയില ഉത്പന്നങ്ങളുടെ ബോര്‍ഡുകള്‍ക്കും പോസ്ററുകള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നേരിട്ട് ഇടപെടണമെന്നും താഴെ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനു ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരെ ചുമതലപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ ഓഫീസര്‍മാര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള 2003ലെ കോട്പ നിയമപ്രകാരം പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വില്പനകേന്ദ്രങ്ങളില്‍പ്പോലും ഇവയുടെ കവര്‍ചിത്രങ്ങളോ ബ്രാന്‍ഡോ പ്രദര്‍ശിപ്പിക്കരുതെന്നും വില്പനയ്ക്കുള്ളവയുടെ ഇനങ്ങള്‍ മാത്രമേ രേഖപ്പെടുത്താവൂ എന്നുമാണു നിയമത്തില്‍ അനുശാസിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം