സ്വദേശീവത്കരണം: സൗദിക്കു പിന്നാലെ കുവൈത്തും; ഇന്ത്യാക്കാരെ തിരിച്ചയക്കുന്നു

May 31, 2013 ദേശീയം

ന്യൂഡല്‍ഹി: സ്വദേശീവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യക്കുപിന്നാലെ കുവൈത്തും വന്‍തോതില്‍ അന്യരാജ്യക്കാരെ കയറ്റിഅയക്കുന്നു. മതിയായ രേഖകളില്ലെന്ന് ആരോപിച്ച് കുവൈത്ത് അധികൃതര്‍ കയറ്റി അയച്ച മറ്റുസംസ്ഥാനക്കാരും 25 ഓളം  മലയാളികളും ഡല്‍ഹിയിലെത്തി. ഭക്ഷണത്തിനുപോലും പണമില്ലാതെ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ് ഇവര്‍. ഇവരെ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറ്റി അയക്കുകമാത്രമാണ് കുവൈത്ത് അധികൃതര്‍ ചെയ്തത്. വിവരങ്ങള്‍ അറിഞ്ഞിട്ടും ഇന്ത്യന്‍ എമ്പസിയിലെ ജീവനക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും ഇവര്‍ ആരോപിച്ചു.

കുവൈത്തിലെ ജയിലുകളില്‍ സമാനകുറ്റത്തിന് 25000ലേറെ പേരെ അറസ്റ്റുചെയ്തു പാര്‍പ്പിച്ചിട്ടുണ്ടെന്നും ഡല്‍ഹിയിലെത്തിയ മലയാളികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എട്ടുമാസത്തിലേറെ ജയിലില്‍ കിടന്നവരും സംഘത്തിലുണ്ട്.

തങ്ങളുടെ യാത്രരേഖകള്‍ ശരിയായിരുന്നുവെന്നും ജയിലുകളില്‍ കിടക്കുന്ന സുഹൃത്തുക്കളെ കാണാന്‍ ചെന്നപ്പോള്‍ പിടിച്ച് അറസ്റ്റുചെയ്തവരും കൂട്ടത്തിലുണ്ടെന്ന് അവര്‍ അറിയിച്ചു. കുവൈത്തിലെ ചെറിയ ജയില്‍മുറികളില്‍ 50ലേറെ പേരെ കുത്തിനിറച്ചാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സ്വദേശീവത്കരണത്തിന്റെ ഭാഗമായി ഒരുവര്‍ഷം ഒരുലക്ഷം വിദേശ തൊഴിലാളികളെ വെച്ച് കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ കുവൈത്ത് പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം