രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കുഴയ്ക്കരുത്: പ്രധാനമന്ത്രി

May 31, 2013 ദേശീയം

manmohan-singh0011ന്യൂഡല്‍ഹി: രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ അടക്കമുളള രാഷ്ട്രീയനേതാക്കള്‍ ബിസിസിഐയില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്   അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍, തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. എല്ലാ കാര്യങ്ങളിലും ഒരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭയിലെ ഒഴിവുകള്‍ നികത്തുന്നത് പരിഗണനയിലാണ്. നാണ്യപ്പെരുപ്പം വൈകാതെ കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാബില്ലും ഭൂമിയേറ്റെടുക്കല്‍ ബില്ലും പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നു മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായി സമാധാനവും സൗഹൃദവും നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം