പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്

June 1, 2013 കേരളം

കോഴിക്കോട്: ഇക്കൊല്ലത്തെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിനു കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ പത്തിനു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിക്കും. പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തുക. പ്രാദേശികമായ സ്പോണ്‍സര്‍ഷിപ്പിലൂടെ എല്ലാ സ്കൂളുകളിലേയും ഒന്നാംക്ളാസില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കു പ്രവേശന കിറ്റ് വിതരണം ചെയ്യും.

തിരുവനന്തപുരത്ത് അരുവിക്കര ജിയുപി സ്കൂളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും കോട്ടയത്ത് ആനിക്കാട് ജിയുപി സ്കൂളില്‍ ധനമന്ത്രി കെ.എം.മാണിയും മലപ്പുറം കരുവാരക്കുണ്ട് ജിഎല്‍പി സ്കൂളില്‍ മന്ത്രി എ.പി.അനില്‍കുമാറും വയനാട്ടില്‍ വാരാമ്പറ്റ ജിയുപി സ്കൂളില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് കല്ലയക്കുളങ്ങര ഹേമാംബിക സംസ്കൃത സ്കൂളില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടകന്‍. കൊല്ലത്ത് ഇളമ്പന്നൂര്‍ കെജിവിയുപി സ്കൂളില്‍ മുന്‍മന്ത്രി എം.എ.ബേബിയും പത്തനംതിട്ടയില്‍ കാവുമ്പക ജിഎല്‍പി സ്കൂളില്‍ ആന്റോ ആന്റണി എംപിയും തൃശൂര്‍ വലപ്പാട് ജിഎച്ച്എസ് സ്കൂളില്‍ പി.സി.ചാക്കോ എംപിയും ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ പിടിഎ പ്രസിഡന്റുമാര്‍ക്കയച്ച കത്തുകള്‍ ഉള്‍പ്പെടുത്തി സര്‍വശിക്ഷാ അഭിയാന്‍ തയാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകം പ്രവേശനോത്സവ ദിനത്തില്‍ എല്ലാ സ്കൂളുകളിലും ഒരേസമയം പ്രകാശനം ചെയ്യും.

വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്തു നടപ്പാക്കി വരുന്നതിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി മൊബിലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ പ്രവേശനോത്സവ പരിപാടികളെന്ന് എസ്എസ്എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അബ്ദുല്ല പാറപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് മേയര്‍ പ്രഫ.എ.കെ. പ്രേമജം, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ചന്ദ്രശേഖരന്‍, മീഞ്ചന്ത ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക കെ.എസ്.കുസുമം, ഉഷാദേവി ടീച്ചര്‍, എം.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം