സംവിധായകന്‍ റിതുപര്‍ണ ഘോഷ് അന്തരിച്ചു

June 1, 2013 ദേശീയം

rituparnaghoshകൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ റിതുപര്‍ണ ഘോഷ് (49) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. സംസ്കാരം വൈകിട്ട് കൊല്‍ക്കത്തയില്‍ നടക്കും.

ഏറെനാളായി പാന്‍‌ക്രിയാസ് ഗ്രന്ഥിയിലെ രോഗത്തിന് ചികിത്സയിലായിരുന്നു ഋതുപര്‍ണ ഘോഷ്. ചികിത്സയിലായിരുന്നെങ്കിലും രോഗ വിവരം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. മരണവിവരമറിഞ്ഞ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമാരംഗത്തിന് കനത്ത നഷ്ടമാണ് ഘോഷിന്റെ വിയോഗമെന്ന് മമതാബാനര്‍ജി പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരിയും ഋതുപര്‍ണഘോഷിന്റെ മരണത്തില്‍ അനുശോചിച്ചു. ബംഗാളിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 19 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഘോഷ് 1994ല്‍ ഹിറര്‍ അഗ്തി(ദി ഡയമണ്ട് റിങ്) എന്ന ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. അതേ വര്‍ഷം തന്നെ അദ്ദേഹം ഉനിഷെ ഏപ്രില്‍ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം പിന്നീട് മികച്ച ഫീച്ചര്‍ ഫീലിമിനുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി.

നടി ദേവശ്രീ റോയിയെ ദേശീയ തലത്തില്‍ ശ്രദ്ധേയയാക്കിയത് ഉനിഷെ ഏപ്രില്‍ എന്ന ചിത്രമായിരുന്നു. അമിതാഭ്ബച്ചന്‍, ഐശ്വര്യാറായ്, പ്രീതി സിന്റ, അക്ഷയ കുമാര്‍ തുടങ്ങിയവരൊക്കെ ഋതുപര്‍ണഘോഷിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദി ലാസ്റ്റ് ലിയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രീതി സിന്റയുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഐശ്വര്യ റായിയെ മുഖ്യ കഥാപാത്രമാക്കി ഘോഷ് ഒരുക്കിയ ചൊഖേര്‍ ബാലി ബോക്‌സ് ഓഫീസില്‍ പണം വാരിയിരുന്നു.

12 തവണ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ ഘോഷ് കരസ്ഥമാക്കിയിരുന്നു. 2012 ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ചിത്രാംഗദയാണ് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത അവസാന ചിത്രം. സ്വത്വനിര്‍ണ്ണയം ലിംഗപരമല്ലെന്ന ആശയത്തിലേക്ക് സഞ്ചരിക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തിയതും സംവിധായകന്‍ തന്നെയായിരുന്നു.

1963 ഓഗസ്റ്റ് 31ന് കൊല്‍ക്കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് പരസ്യമേഖലയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഡോക്യുമെന്ററി സംവിധായകനായ അച്ഛനില്‍ നിന്നാണ് വെള്ളിത്തിരയുടെ ബാലപാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയത്. കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഘോഷ് ജദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം