പാദപൂജ – ഗുരുപരമ്പരയുടെ വീക്ഷണരീതി

November 25, 2010 സനാതനം

അധ്യായം – 1

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

അനവദ്യങ്ങളായ അവതാരകഥകള്‍ കൊണ്ടും അതീവമഹത്തായ അദൈ്വതസിദ്ധാന്തം കൊണ്ടും പ്രസന്നവും പ്രഖ്യാതവുമായ നാടാണ്‌ ഭാരതം. ആത്മവൃത്തിയിലൂടെ പ്രപഞ്ചരഹസ്യവും അദ്ധ്യാത്മരരഹസ്യവും അറിയുവാനും ആസ്വദിക്കുവാനും കഴിഞ്ഞ പാരമ്പര്യം ഉഗ്രതപസ്സിലൂടെ ഉരുത്തിരിഞ്ഞ ഉദാത്തഭാവനയുടെ സന്തതിയാണ്‌. ശുഷ്‌കമായ മനുഷ്യ മനസ്സിന്റെ ഊഷരഭൂമികളെ ഉഴുതുമറിച്ച്‌ അധ്യാത്മചിന്തയുടെ വിത്തുമുളപ്പിച്ച്‌ വളമിട്ടുവളര്‍ത്തി കൊയ്‌തെടുത്ത ഫലം, ലോകത്തെമ്പാടുമുള്ള ജീവരാശികള്‍ക്ക്‌ ആശയും ആശ്വാസവും പകരുന്ന അത്യുല്‍കൃഷ്‌ടങ്ങളായ ദാര്‍ശനികനിയമങ്ങളാണ്‌. ഭാരതം നെയ്‌തെടുത്ത ഭാവനയും കാഴ്‌ചവച്ച ഭാവുകങ്ങളും പരമോല്‍കൃഷ്‌ടപദമലങ്കരിക്കുന്ന പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു. അദൈ്വതചിന്താശൃംഗശീര്‍ഷങ്ങളില്‍ നിന്ന്‌ ഊറിയിറങ്ങി, അനര്‍ഗളം പ്രവഹിക്കുന്ന അധ്യാത്മസ്രോതസ്വിനി തഴുകിത്തളിരണിയിച്ച കല്‌പതരുക്കളായ വേദങ്ങളും അവയില്‍ പറ്റിവളര്‍ന്നും, ചുറ്റിപ്പടര്‍ന്നും കവനകല കവര്‍ന്നെടുത്ത കല്‌പനാവൈഭവങ്ങളും അന്യാദൃശമത്രെ. ഹിമവത്‌ഗിരിഗഹ്വരങ്ങളില്‍ എന്നും മുഴങ്ങുന്ന പ്രണവധ്വനിയും മഹാമനീഷികളുടെ ഹൃദയകുഹരങ്ങളില്‍ നിന്നും അനുസ്യൂതം നിര്‍ഗളിക്കുന്ന മന്ദസാന്ദ്രയായ മന്ദാകിനിയും അമൃതനിഷ്യന്ദികളായ ഇതിഹാസങ്ങളും മുക്തിമൗക്തികങ്ങള്‍ ഉപഗൂഹനം ചെയ്യുന്ന ഉപനിഷത്തക്കളും ഗഹനഗംഭീരങ്ങളായ മഹാഹ്രദങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ മന്ദഗമനം ചെയ്യുന്ന മഹാപുരാണസരിത്തുകളും കാവ്യകലാസികതങ്ങളും മാനവസംസ്‌കാരത്തിന്റെ അനശ്വരപ്രമേയങ്ങളത്രെ. താന്തവും തരളവുമായ മനുഷ്യമനസ്സിന്‌ ശാന്തിയും ശക്തിയും നല്‍കി സമാധാനിപ്പിക്കാന്‍ ഭാരതത്തിലെ ഗുരുപരമ്പര അനുഷ്‌ഠിച്ച തപസ്സും അനുവര്‍ത്തിച്ച ഇച്ഛാശക്തിയും അവയില്‍ നിന്നും വികസിച്ചുവളര്‍ന്ന ക്രിയാത്മശക്തികളും സേവനോന്മുഖമായ ശാസ്‌ത്രങ്ങളായി വികസിച്ചു. സ്വാര്‍ത്ഥജടിലമായ മനുഷ്യത്വത്തിന്റെ വൈകാരികസംജ്ഞകളെയും സാങ്കേതങ്ങളെയും സൂക്ഷ്‌മനിരീക്ഷണത്തിലൂടെ വൈജ്ഞാനികസിദ്ധാന്തങ്ങളായി മാറ്റാന്‍ കഴിഞ്ഞത്‌ ഭൗതികശാസ്‌ത്രത്തിനും സാങ്കേതികസംജ്ഞാസമ്പ്രദായങ്ങള്‍ക്കും ഇന്നും അപ്രാപ്യമായ സത്യമായി നിലകൊള്ളുന്നു. സുഖദു:ഖങ്ങളെ അടിസ്ഥാനവും ആസ്ഥാനവുമാക്കി ആരംഭിച്ച പരീക്ഷണനിരീക്ഷണങ്ങള്‍ ശരീരത്തെ ഉപാധിയാക്കി ഉപാധേയം കണ്ടെത്താനുള്ള പരിശ്രമമായിരുന്നു. അന്യമായ സ്ഥൂലോപാധികളൊന്നും പരീക്ഷണവിജയത്തിന്‌ പ്രയോജനമല്ലെന്ന ഗുരുപരമ്പരയുടെ തീരുമാനം പാശ്ചാത്യപൗരസ്‌ത്യചിന്തകളുടെ അന്തരം കുറിക്കുന്നു. ശരീരം, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ ദൃശ്യതലങ്ങളെ വിട്ട്‌ സൂക്ഷ്‌മതയേറിയ മനസ്സ്‌, ബുദ്ധി എന്നീ മണ്ഡലങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്‌ ഗുരുക്കന്മാര്‍ ചെയ്‌തത്‌. ദൃശ്യപ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും ഉപാധികളാക്കിമാറ്റി നിര്‍വഹിക്കപ്പെടുന്ന ചര്‍ച്ച ആത്മനിവേദനത്തിനും ആത്മദര്‍ശനത്തിനും പ്രയോജനപ്പെട്ടു. മനസ്സിനും ബുദ്ധിക്കുമുള്ള പ്രാധാന്യം ഈ ചര്‍ച്ചകളില്‍ മുന്നിട്ടുനില്‍ക്കുന്നു.
സകളവും നിഷ്‌കളവുമായ ബ്രഹ്മത്തെ സ്വായത്തമാക്കുന്നതിന്‌ ഗുരുവിന്റെ അനുഗ്രഹവും ഗുരുവാക്യശ്രവണവും തുടക്കത്തില്‍തന്നെ ആവശ്യമാണ്‌. ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ ഉഴന്ന്‌ കരകയറുവാനും ലക്ഷ്യമറിയുവാനും പരാജയപ്പെടുന്ന പണ്ഡിതമ്മന്യന്മാര്‍ക്കുപോലും അവസാനവാക്യമായി ആദ്യന്തം നിലകൊള്ളുന്നത്‌ ഗുരുത്വമാണ്‌. ശ്രവണവാക്യം ഗുരുവില്‍ നിന്ന്‌ സ്വീകരിക്കുകയും അനന്തരം യഥാക്രമം മനനം നിദിധ്യാസനം ഇവ അഭ്യസിക്കുകയും വേണം. ശാസ്‌ത്രങ്ങളിലൂടെ സിദ്ധിക്കുന്ന അറിവ്‌ ബുദ്ധിയുടെ വ്യാപാരമണ്ഡലത്തെയും ആത്മജ്ഞാനം ബുദ്ധിക്കതീതമായ അനുഭൂതിമണ്ഡലത്തെയും സുവ്യക്തമാക്കുന്നു. ഇന്ദ്രിയവ്യാപാരങ്ങളെ അതിജീവിച്ചെത്തുന്ന ബ്രഹ്മാനുഭൂതി ഗുരുവിന്റെ ഉപദേശവാക്യങ്ങളിലൂടെയും ഇച്ഛാശക്തികളിലൂടെയും സംഭവിക്കുന്നു. അതുകൊണ്ട്‌ ഗുരുഭക്തിയിലുള്ള ശ്രദ്ധ. തപസ്സായി പരിണമിക്കുന്നു. അത്തരത്തിലുള്ള മഹാമനീഷികളാണ്‌ മൃത്യുവില്ലാത്തവരായി സ്വതന്ത്രമായ ബ്രഹ്മാണ്ഡങ്ങളെ സൃഷ്‌ടിച്ചുകൊണ്ട്‌ അവയെ നിയന്ത്രിച്ചും രക്ഷിച്ചും നിലനില്‍ക്കുന്നത്‌.
“ശ്രോതസ്യ ശ്രോത്രം മനസോ മന: യദ്‌
വാചോ ഹ വാചം സ ഉത്‌പ്രാണസ്യ പ്രാണ:
ചക്ഷുഷ: ചക്ഷുരതിമുച്യ ധീരാ:
പ്രേത്യാസ്‌മാന്‍ ലോകാന്‍ അമൃതാ ഭവന്തി”
ഏതൊരു പരബ്രഹ്മമാണോ കാതിനും കാതായി മനസ്സിനും മനസ്സായി വാക്കിനും വാക്കായി പ്രാണനും പ്രാണനായി കണ്ണിനും കണ്ണായി പരിലസിക്കുന്നത്‌, അതിനെ അറിയുന്ന ജ്ഞാനികള്‍ ഈ ലോകത്തുനിന്ന്‌ പ്രയാണം ചെയ്‌ത്‌ അമരന്മാരായി ഭവിക്കുന്നു. (തുടരും)
ഇന്ദ്രിയവ്യാപാരങ്ങള്‍ക്കതീതമായ അനുഭൂതിയുടെ അവാച്യമണ്ഡലങ്ങളിലേക്ക്‌ ഉയര്‍ന്നുചെല്ലുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ്‌ അമരത്വം. ഇവിടെ മൃത്യുവിന്‌ ശരീരസംബന്ധിയായ വികാരങ്ങളും അവയ്‌ക്ക്‌ യോജിക്കുന്ന വിഷയങ്ങളും അവയോട്‌ ബന്ധപ്പെട്ടുള്ള പരിമിതികളുമുണ്ട്‌. ആ പരിമിതികള്‍ ലംഘിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന തനതായ അവസ്ഥയാണ്‌ വ്യക്തിയുടെ ആത്മഭാവം.
“യന്മനസാ ന മനുതേ യേനാഹുര്‍ മനോമതം”. – മനസ്സുകൊണ്ടറിയാത്തതും എന്നാല്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കുന്നതും ഏതാണോ അത്‌ ആത്മഭാവമായിത്തീരുമ്പോഴാണ്‌ `ഗുരു’ എന്ന പദത്തിന്‌ അര്‍ഹത നേടുന്നത്‌.
“ഗുരുരേവ ഹരി” എന്നുള്ള ശ്രുതിവാക്യത്തില്‍ ഗുരുതന്നെയാണ്‌ ഹരിയെന്ന്‌ സ്‌പഷ്‌ടമായി പറഞ്ഞിരിക്കുന്നു. ഉപാസനാമൂര്‍ത്തിയായ ഹരിക്കും ഉപാസകനും തമ്മിലുള്ള ഭേദബുദ്ധി നശിച്ച്‌ ഹരിയുടെ പ്രജ്ഞാമണ്ഡലം ആത്മസ്വരൂപമായിത്തീരുന്ന അവസ്ഥയാണ്‌ “ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്‌ണു ഗുരുര്‍ദ്ദേവോ മഹേശ്വരഃ” എന്നിപ്രകാരം പറഞ്ഞിരിക്കുന്നത്‌. ഗുരു മുഖത്തു നിന്നുമുള്ള വചനങ്ങള്‍ സര്‍വതോമുഖമായ ബ്രഹ്മസായൂജ്യം നേടുന്നതിന്‌ പ്രാപ്‌തമാക്കുന്നു. (“ഗുരുവക്‌ത്രാത്തു ലഭ്യേത പ്രത്യക്ഷം സര്‍വതോമുഖം.”) രൂപത്തെ ഉപാധിയാക്കി രൂപാതീതമായ അന്ത:ശക്തി ആത്മസ്വരൂപമായി വര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അന്യത്വം എന്നൊന്നുണ്ടാകുന്നില്ല. ഉപാസകനും ഉപാസ്യവും തമ്മിലുള്ള അന്തരം ഉപാസനയിലും ഉപാസ്യത്തിലുള്ള വ്യത്യാസമായി നിലകൊള്ളുന്നു. എന്നാല്‍ സാധകന്‍ ഉപാസ്യത്തോട്‌ കാണിക്കുന്ന ഭക്തിയും ബഹുമാനവും ഗുരുവിലും ഉണ്ടായിരിക്കേണ്ടതാണ്‌. “യസ്യദേവേ പരാഭക്തിര്‍ യഥാദേവേ തഥാഗുരു” എന്ന്‌ ഗുരുവിലും ഉപാസിക്കുന്ന ദേവതയിലും ഉണ്ടായിരിക്കേണ്ട ഭാവത്തെപ്പറ്റി ദേഹാഭിമാനം കൊണ്ട്‌ മറ സൃഷ്‌ടിക്കാതെ തുറന്ന്‌ പറഞ്ഞിരിക്കുന്നു. സമുദ്രത്തില്‍ അലയുന്ന കപ്പലിനെ അമരക്കാരന്‍ നിയന്ത്രിക്കുന്നതുപോലെ ഭവസാഗരത്തില്‍ ഒഴുകുന്നവര്‍ക്ക്‌ അപകടങ്ങള്‍ ഒഴിവാക്കി ലക്ഷ്യത്തിലെത്തുന്നതിന്‌ ഗുരുവിന്റെ കടാക്ഷം കൂടിയെ തീരൂ.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം