ചന്ദ്രിക മുഖപ്രസംഗം സംസ്കാരശൂന്യമെന്ന് എന്‍എസ്എസ്; പ്രതിസന്ധി മറികടക്കാന്‍ സഹായം ആവശ്യമില്ല

June 2, 2013 കേരളം

  • മുഖപ്രസംഗത്തോടു യോജിപ്പില്ലെന്ന് ലീഗ്; അന്വേഷിച്ചു നടപടിയെടുക്കും

P.-sukumaran-nairചങ്ങനാശേരി: സംഘടനയേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അപമാനിച്ചു കൊണ്ടുള്ള എന്‍എസ്എസ് മുഖപ്രസംഗം സംസ്കാരശൂന്യമാണെന്ന് എന്‍എസ്എസ്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. സമുദായത്തെയും ആചാര്യനെയും സുകുമാരന്‍ നായരെയും അടച്ചാക്ഷേപിച്ചിരിക്കുകയാണ്. ഇതു ചെയ്യിച്ചവര്‍ ആരാണെന്നും അവരുടെ ലക്ഷ്യം എന്തെന്നും വ്യക്തമാണ്. പ്രതിസന്ധി മറികടക്കാന്‍ എന്‍എസ്എസിന് ആരുടെയും സഹായം ആവശ്യമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ചന്ദ്രികയുടെ മുഖപ്രസംഗത്തിന് മറുപടി പറയാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ലെന്നും എന്നാല്‍ കസേരയുടെ ഔന്നിത്യം അതു പറയാന്‍ തന്നെ അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് മുന്നോട്ടുവച്ച വിഷയങ്ങള്‍ നായര്‍ സമുദായത്തിനു വേണ്ടി മാത്രമല്ല. ഈ വിഷയങ്ങള്‍ ചിലര്‍ എത്ര ശ്രമിച്ചിട്ടും അടിച്ചമര്‍ത്താന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഭയപ്പെടുത്തിയും അപമാനിച്ചും കുടില തന്ത്രങ്ങളിലൂടെയും എന്‍എസ്എസിനെ പിന്തിരിപ്പിക്കാനാണ് ശ്രമം. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ക്കാനാണ് ശ്രമം. ഇത്തരക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മഹാന്‍മാരായ നേതാക്കള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ ഇതിന് അപചയം വന്നിരിക്കുകയാണ്. ലീഗിനെക്കൊണ്ട് കോണ്‍ഗ്രസ് ചെയ്യിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സകല കളികള്‍ക്കും പിന്നില്‍. ഇതുകൊണ്െടാന്നും സത്യം സത്യമല്ലാതെ ആകുന്നില്ല. സുകുമാരന്‍ നായര്‍ പറഞ്ഞിടത്തുതന്നെ കാര്യങ്ങള്‍ ചെന്നെത്തുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മുഖപ്രസംഗത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോടു യോജിപ്പില്ലെന്ന് മുസ്ളീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു. ലീഗുകാരനല്ലാത്തെ ആള്‍ എഴുതിയ കോളമാണിത്. അതുകൊണ്ടുതന്നെ ഇതു ലീഗിന്റെ അഭിപ്രായമല്ല. എന്നാലും ലീഗിന്റെ മുഖപത്രത്തില്‍ വന്നതുകൊണ്ട് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും മുന്‍പ് ഉത്തരവാദിത്വപ്പെട്ടവര്‍ പരിശോധിക്കേണ്ടിയിരുന്നു. അതുണ്ടാകാതിരുന്നത് ദൌര്‍ഭാഗ്യകരമാണ്. അതുകൊണ്ടുതന്നെ അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം