ജലവിമാനം: മത്സ്യത്തൊഴിലാളി സംഘടനകള്‍ വാട്ടര്‍ഡ്രോം ഉപരോധിക്കും

June 2, 2013 കേരളം

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ജലവിമാന സര്‍വീസ് ഇന്ന് ആരംഭിക്കാനിരിക്കേ മത്സ്യതൊഴിലാളി സംഘടനകള്‍ ആലപ്പുഴയില്‍ കരിദനമാചരിക്കും. പണിമുടക്കി ഉപരോധസമരത്തില്‍ പങ്കെടുക്കുമെന്നും മത്സ്യതൊഴിലാളി സംയുക്തതസമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിപ്രദേശമായ ആര്യാട് പള്ളിക്ക് സമീപത്തുനിന്ന് ചെറുവള്ളങ്ങളില്‍ മത്സ്യതൊഴിലാളികള്‍ വാട്ടര്‍ ഡ്രോമില്‍ കടന്ന് ഉപരോധം നടത്തുമെന്നും മത്സ്യബന്ധനത്തിലേര്‍പ്പെടുമെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയസംരക്ഷണ പ്രദേശമായ വേമ്പനാടുകായലില്‍ പദ്ധതി നടത്തിപ്പില്‍ യാതൊരു പദ്ധതിയും നടത്താനുള്ള അധികാരം ടൂറിസം വകുപ്പിനില്ലെന്നും ഇതിന് പ്രത്യേക നിയമനിര്‍മാണം വേണമെന്നിരിക്കേ ധൃതിപിടിച്ച് പദ്ധതി നടത്തുന്നതില്‍ ദുരൂഹതയുണ്െടന്നും നേതാക്കള്‍ ആരോപിച്ചു. ലോകത്തില്‍തന്നെ ആദ്യമായാണ് ജലാശയവും ഉള്‍നാടന്‍പ്രദേശവും ജലവിമാന പദ്ധതിക്കായി പരിഗണിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ കടല്‍വിമാനം എന്നാണ് ഇത് അറിയപ്പെടുന്നതുതന്നെ. നിരവധി അപകടങ്ങള്‍ക്കും ഇത് കാരണമായിട്ടുണ്ടെങ്കിലും യാതാരുപഠനങ്ങളും നടത്താതെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വേമ്പനാട് കായലിലെ വാട്ടര്‍ ഡ്രോം പ്രദേശത്തുതന്നെ നാലു സഹകരണസംഘങ്ങളിലായി 25,000ഓളം തൊഴിലാളികളാണ് പ്രത്യക്ഷമായും പരോക്ഷമായും മത്സ്യബന്ധനത്തെ ആശ്രയിക്കുന്നത്. ഇതിലേറെയും തീരവരുമാനംകുറഞ്ഞ കക്കാവാരലിനെ ആശ്രയിക്കുന്നവരാണ്. നാളിതുവരെ യാതൊരുക്ഷേമപ്രവര്‍ത്തനവും ഇവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ഉപജീവനമാര്‍ഗത്തെ നശിപ്പിക്കുന്ന തരത്തിലാണ് ജലവിമാനപദ്ധതി നടപ്പിലാക്കുന്നത്. വിമാനം ഇറങ്ങാന്‍ വളരെ കുറച്ചുപ്രദേശം മാത്രം മതിയെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ ഇപ്പോള്‍ വാട്ടര്‍ ഡ്രോമിനും റണ്‍വേയ്ക്കുമായി 500 ഏക്കറിലധികം കായല്‍പ്രദേശമാണ് മഞ്ഞനിറത്തിലുള്ള ‘ബേ’കള്‍ സ്ഥാപിച്ച് തിരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെ വാട്ടര്‍ ഡ്രോം പ്രദേശം ഉപരോധിക്കുന്നതുകൂടാതെ മത്സ്യത്തൊഴിലാളി ഭവനങ്ങളിലും പൊതുസ്ഥളങ്ങളിലും കരിങ്കൊടി സ്ഥാപിച്ച് കരിദിനമാചരിക്കുമെന്ന് സംയുക്തസമരസമിതി നേതാക്കളായ ടി.ജെ. അഞ്ചലോസ്, കെ.എസ്. പ്രദീപ്, സന്തോഷ് ജിതേന്ദ്രന്‍, ജാക്സണ്‍ പൊള്ളയില്‍, അഡ്വ. രഞ്ജിത് ശ്രീനിവാസ്, സലിം ബാബു, ആര്‍. പ്രസാദ്, വി. സോമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം