മഴ കനത്തു; ഇടവപ്പാതി പ്രതീക്ഷയില്‍ കേരളം

June 2, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഏറെക്കൊല്ലങ്ങള്‍ക്കു ശേഷമാണ് കൃത്യം ജൂണ്‍ ഒന്നിനുതന്നെ കേരളത്തില്‍ ഇടവപ്പാതി എത്തുന്നത്. നാളെ രാവിലെവരെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇടവപ്പാതിക്ക് മുന്നോടിയായി കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലെമ്പാടും നല്ല മഴ ലഭിച്ചിരുന്നു. ഇതിനുമുമ്പ് 2000 ലാണ് ജൂണ്‍ ഒന്നിനുതന്നെ ഇടവപ്പാതി എത്തിയത്. കൊടുംചൂടില്‍ വെന്തുരുകിയിരുന്ന അവസ്ഥയില്‍ നിന്ന് മോചനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കേരളീയര്‍.

എന്നാല്‍ കഴിഞ്ഞവര്‍ഷം രാജ്യത്താകെ കാലവര്‍ഷം സാധാരണ തോതിലായിരുന്നെങ്കിലും കേരളത്തില്‍ 24 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പെയ്യേണ്ട തുലാവര്‍ഷം 35 ശതമാനം കുറയുകയും ചെയ്തു. വര്‍ഷം 294 സെന്‍റീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 2012ല്‍ പെയ്തത് വെറും 219 സെന്‍റീമീറ്റര്‍ മാത്രമായിരുന്നു.  വര്‍ഷത്തില്‍ 25 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം